ചൊവ്വാഴ്ച, മേയ് 08, 2012

പാസ്സിംഗ് ഔട്ട്‌

മകര മാസത്തിലെ തണുപ്പുള്ള പ്രഭാതമായിരുന്നിട്ടു കൂടി അസി.കമ്മീഷണര്‍     ജസ്റ്റിന്‍ തോമസ്‌ തന്റെ കാബിനില്‍ ഇരുന്നു വിയര്‍ത്തു.

കാബിന്‍ എയര്‍ കണ്ടീഷന്‍ ചെയ്യണമെന്നു ഈ വര്‍ഷവും വിചാരിച്ചതാണ്.പക്ഷെ കമ്മീഷണര്‍  ഒഫീസീലെ സീനിയര്‍ സൂപ്രണ്ട് കെ.ജെ.ഫ്രാന്‍സിസ് അത് മുളയിലെ നുള്ളി...
അസി.കമ്മീഷണറുടെ കാബിന്‍    എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിന് പ്രൊവിഷന്‍ ഇല്ല പോലും......

  ഓര്‍ത്തപ്പോള്‍ അയ്യാള്‍ക്ക്  ചെറുവിരലില്‍ നിന്നും ഒരു പെരുപ്പ്‌ മേല്‍പ്പോട്ടു കയറുന്നതായി തോന്നി.
മൊബൈല്‍ ഫോണെടുത്ത് അയ്യാള്‍ ഒരു പ്രാവശ്യം കൂടി അത് ശ്രവിച്ചു.

"പറവൂര്‍ കായലിലൂടെ 'ശവം',  ശവമായി ഒഴുകി നടക്കുന്നു.ഹ ഹ ഹാ!"

രാവിലെ എപ്പോഴോ വന്ന വോയിസ് മെസേജാണ്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോമന്റെ ശബ്ദം.

*                                          *                                                                          *

പെട്ടെന്ന് പെരുമ്പറ മുഴക്കങ്ങള്‍ക്കിടയിലൂടെ ബ്യൂഗിളിന്റെ ശബ്ദം ഉയര്‍ന്നു.

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പാസിംഗ് ഔട്ട്‌ പരേഡു അയാളുടെ മനസ്സിലൂടെ ലെഫ്-  റേറ്റ്  അടിച്ചു കടന്നു പോയി.

യുദ്ധങ്ങളോട് എന്നെന്നേക്കുമായി വിടപറഞ്ഞു അഹിംസയെ നെഞ്ചേറ്റി,രാജ്യത്തിന്റെ ആത്മാവിലേക്കതിനെ കുടിയിരുത്തിയ മഹാന്‍ സ്ഥാപിച്ച സ്തംഭ മാതൃകകളും   ശിരസിലേറ്റി നിശ്ചയധാര്‍ട്യവും ആത്മ വിശ്വാസവും സ്ഫുരിക്കുന്ന കണ്ണുകളോടെ നില്‍ക്കുന്ന 34 സബ്‌ ഇന്‍സ്പെക്ടര്മാര്‍.
    
വിണ്ണില്‍ നിന്നും അപ്പോള്‍ അടര്‍ന്നു വീണെന്ന് തോന്നിക്കുന്ന തരത്തില്‍ അവരുടെ തോളുകളിലി രുന്നു തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങള്‍...
പവലിയനില്‍ അഭിമാനത്തോടെ നിറഞ്ഞ മനസ്സുമായി നില്‍ക്കുന്ന മാതാപിതാക്കള്‍;
സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കുഞ്ഞുങ്ങള്‍.
കൊച്ചു വര്‍ത്തമാനങ്ങളുമായി   നിറഞ്ഞു നില്‍ക്കുന്ന കൂട്ടുകാരും നാടുകാരും.
ലൈസന്‍സില്ലാതെ സ്കൂട്ടരോടിക്കുംപോള്‍, ബുക്കും പേപ്പറും എടുക്കാന്‍ മറക്കുമ്പോള്‍  വഴിയില്‍ കൈ കാണിക്കുന്ന പോലീസുകാരനോട്‌ ഇനി എസ്.ഐ.യുടെ ആളാണെന്നു പറയാമല്ലോ.

കോളാമ്പിയിലൂടെ കോമ്പയറുടെ ശബ്ദം മുഴങ്ങി.

                                     ബെസ്റ്റ് ഔട്ഡോര്‍ കേഡറ്റ്:
                                                                                      ശ്രീ.യു.ജയരാജ്.

                                     ബെസ്റ്റ് ഇന്‍ഡോര്‍ കേഡറ്റ്:
                                                                                          ശ്രീ.യു ജയരാജ്.

                                                        ബെസ്റ്റ് ഷൂട്ടര്‍:
                                                                                             ശ്രീ.യു ജയരാജ്.


   *                                                              *                                                                     *

പെട്ടെന്ന് കാബിന്റെ ഡോര്‍ തള്ളി തുറന്നു ഹെഡ് കോണ്‍സ്റ്റബില്‍ ഉണ്ണിത്താന്‍ അകത്തേക്ക് വന്നു.

"സര്‍,കസബ സി.ഐ കാണാനെത്തിയിരിക്കുന്നു".

"ഉം".

"അയ്യാളോട് പത്തു മിനുട്ട് വെയിറ്റ് ചെയ്യാന്‍ പറയൂ".


   *                                            *                                                                   *

ജസ്റ്റിന്‍ തോമസ്‌ വീണ്ടും 20 വര്‍ഷം പിറകിലേക്ക് പോയി....

തിരുവനന്തപുരത്തെ പോലിസ് ട്രെയിനിംഗ് കോളേജ.
ബാരക്കില്‍,
ഒരേ മുറിയിലെ താമസക്കാര്‍ താനും ജയരാജുമായിരുന്നല്ലോ

             പി.ടി. ചെയ്യുന്നതിനായി രാവിലെ 6 മണിക്ക്  ഗ്രൗണ്ടില്‍ ഫാളിന്‍ ആകണം.
5 .30 മണിക്ക്    മുഴങ്ങുന്ന അലാറം കേട്ടുണരുമ്പോള്‍ എപ്പോഴും ജയരാജ് റെഡിയായി മുന്നില്‍ തന്നെ കാണും.

വെളുത്ത ബനിയനും ട്രൌസറും മടക്കി വച്ച വെളുത്ത കാലുറയും പി.ടി.ഷൂസും ധരിച്ചു സൂപ്പര്‍ വൈറ്റ് ചിരിയുമായി തന്റെ മുന്നില്‍ നില്‍ക്കുന്ന ജയരാജ്.
വേഗമാകട്ടടോ എന്ന് പറഞ്ഞു റൂമിലൂടെയുള്ള അവന്റെ ഉലാത്തലുകള്‍.......
ഒന്നിനും സമയം തികയാത്ത തനിക്കു പലപ്പോഴും ഷേവ് ചെയ്തു തരുന്നതും ഷൂ ലെയ്സ് കെട്ടി തരുന്നതും കൂടി അവനാണ്.

സ്പോര്‍ട്സില്‍, ആര്‍ട്സില്‍, പ്രസംഗത്തില്‍, മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍, പി.ടി.ഗ്രൗണ്ടില്‍, പരേഡുഗ്രൗണ്ടില്‍.....
 എല്ലായ്പ്പോഴും അവന്‍ തന്നെയായിരുന്നു ഒന്നാമന്‍.
പോലിസ് ഒഫീസറാകാന്‍ വേണ്ടി തന്നെ ജനിച്ചവനാണല്ലോ ഇവനെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.

ട്രയിനിങ്ങിന്റെ  ആദ്യ ദിവസങ്ങളില്‍ പരേഡുബൂട് കെട്ടി കാലുകളിലെ തൊലി പൊട്ടിയടര്‍ന്നു കാല്‍ പാദം മുഴുവന്‍ നീരുവച്ചു വീര്‍ത്തു നടക്കാന്‍ പോലും വിഷമിച്ച  തനിക്കു സ്വന്തം വേദനകള്‍ പോലും മറന്നു സഹനത്തിനുള്ള ശക്തിപകര്‍ന്നു  തന്നവന്‍..

തണുത്ത ഇരുമ്പു കട്ടിലില്‍ കിടന്നു കരഞ്ഞു തള്ളി നീക്കിയ രാത്രികള്‍ ..
പുഷ് അപ്  ആയും അബ്ഡമന്‍ ആയും പണിഷ്മെന്റുകള്‍ മാറി മാറി കിട്ടുമ്പോള്‍
കതിരവനെയും ഗ്രൌണ്ടിലെ ചുട്ടുപഴുത്ത മണല്‍ തരികളെയും സാക്ഷിയാകി പകലിനോടുള്ള മത്സരങ്ങള്‍...

പുതുതായി ചാര്‍ജെടുത്ത ട്രയിനിംഗ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്റെ ക്രൂരമായപീഡനങ്ങള്‍.
ഗ്രൌണ്ടിലെ നിസാര പിഴവുകള്‍ക്ക് പോലും അയ്യാള്‍ നല്‍കുന്ന ക്രൂരമായ ശിക്ഷകള്‍..
സുരേന്ദ്രന്റെ കുട്ടികള്‍ പോലിസ് ജീവിതത്തില്‍ ഒരിക്കല്‍ പോലും പതറിപ്പോകാന്‍ പാടില്ലെന്നാണ് അയ്യാള്‍ തന്റെ ശിക്ഷകള്‍ക്ക് ന്യായീകരണമായി പറയുന്നത്.
ഇത്തരം ദിനങ്ങളിലൊരു രാത്രിയില്‍ ട്രെയിനിംഗ് കാമ്പില്‍ നിന്നും ചാടിപ്പോകാന്‍ തീരുമാനിച്ച തന്നെ ആശ്വസിപ്പിച്ച് പിടിച്ചു നിര്‍ത്തിയ സ്നേഹവും പിന്തുണയും.

*                                                          *                                                            *

അയ്യാള്‍ ബെല്‍ മുഴക്കി കോണ്‍സ്റ്റബില്‍ ഉണ്ണിത്താനെ വിളിച്ചു.

"കസബ സി.ഐ.യോട് വരാന്‍ പറയൂ"...

*                                                           *                                                             *

തന്റെ ബാച്ചിലെ ഓരോ മുഖങ്ങളും അയ്യാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു മൂന്ന് നാല് പേര്‍ ഇതിനകം 'കാക്കി' ഉപേക്ഷിച്ചു പോയി.
സാമുവേല്‍ ദുബൈയില്‍ ബിസിനസ് ചെയ്യുന്നു.
വിജയന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെവിടെയോ ഉണ്ട്.
ട്രയിനിംഗ് ബാച്ചിലെ ഏക നിയമ ബിരുദധാരിയായിരുന്നു അഷ്‌റഫ്‌.
അവന്‍ ആദ്യം തന്നെ 'കാക്കി'  ഉപേക്ഷിച്ചു.
ഇപ്പോള്‍ ഹൈക്കോടതിയില്‍ പ്രാക്ടിസ് ചെയ്യുന്നു.
സോമനും ജയരാജമൊഴികെ സര്‍വ്വീസിലുളള  മറ്റെല്ലാവരും ഇപ്പോള്‍ ഡി.വൈ.എസ്.പി.മാരാണ്.

*                                                              *                                                             *

ഹാഫ് ഡോറിനടിയിലൂടെ ഒരു കുടവയര്‍ എത്തിനോക്കി.
സി.ഐ.സോമനാണ്.
കഴിഞ്ഞ 20 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ അയ്യാള്‍ ചെയ്തു കൂട്ടിയ സകല ദുഷ്കര്‍മങ്ങളുടെയും  ആകെ തുകയായ ദുര്‍മേദസ്  അയ്യാളുടെ ശരീരത്തിലിരുന്നു തന്നെ നോക്കി അഹങ്കരിക്കുന്നതായി ജസ്റ്റിന്‍ തോമസിന് തോന്നി...

രാവിലെ തനിക്കയച്ച മെസ്സേജില്‍ നിറഞ്ഞു നിന്ന ചിരി അയ്യാളുടെ മുഖത്തിപ്പോഴുമുണ്ട്.
ഇയ്യാള്‍ക്കെങ്ങനെ ചിരിക്കാനാകുന്നു?
ജസ്റ്റിന്‍ തോമസ്‌ അസ്വസ്ഥനായി...
അയ്യാളുടെ അസ്വസ്ഥത തിരിച്ചരിഞ്ഞിട്ടെന്ന വണ്ണം സി.ഐ.സോമന്‍ കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങി.

മൃതദേഹം ഒഴുകി നടക്കുന്ന വിവരം മത്സ്യ തൊഴിലാളികള്‍ ആണത്രേ ആദ്യം അറിയിച്ചത്.
കരക്കെത്തിക്കാന്‍ അവര്‍ പലവുരു ശ്രമിച്ചെങ്കിലും അഴിമുഖത്ത് ശക്തമായ ഒഴുക്കുള്ളതിനാല്‍ പിടികൊടുക്കാതെ മൃതദേഹം കരയിലും കടലിലുമായി മാറി മാറി  ഒഴുകി നടക്കുകയാണ്.

മേലുദ്യോഗസ്ഥനോടുള്ള ബഹുമാനമോ അച്ചടക്കമോ  ഈയിടെയായി സോമന്റെ വാക്കുകളിലേക്ക്‌ കടന്നു വരാറേയില്ല....
മനസ്സില്‍ അടിഞ്ഞു കൂടാറുള്ള അനിഷ്ടങ്ങളും  നീരസങ്ങളും ഒക്കെ  ഒരേ ബാച്ചുകാര്‍ എന്ന പരിഗണനയാല്‍  പലപ്പോഴും ജസ്റ്റിന്‍ തോമസ്‌ പുറത്ത് കാണിക്കാറുമില്ല്ല.

സോമന്‍ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ഫയര്‍ ഫോഴ്സുകാര്‍ എത്തിച്ചേര്‍ന്നു ചില ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും വേഗത്തില്‍ പിന്മാറി....
ഇപ്പോള്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധന്മാര്‍ എത്തിചേര്‍ന്നിട്ടുണ്ട്.ഉച്ചയോടെ മൃതദേഹങ്ങള്‍ തപ്പിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണവര്‍.
  സമീപത്തു കായല്‍ കരയില്‍ നിന്നും ഒരു ജോഡി യൂണിഫോമും അതോടൊപ്പം ഒരു ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു.
ഒഴുകി നടക്കുന്ന ശവം ജയരാജിന്റെതാണെന്ന് തിരിച്ചരിഞ്ഞതങ്ങനെയാണ്.

"അല്ലെങ്കിലും ആര്‍ക്കും പിടി കൊടുക്കാത്ത ഒരു ഒറ്റയാന്‍ പോക്കായിരുന്നല്ലോ അവന്റെത്‌"

        പറഞ്ഞു നിര്‍ത്തിയതും ജസ്റ്റിന്‍ തോമസ്‌ അയ്യാളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി...
'അര്‍ഥം മനസ്സിലാക്കിയ അയ്യാള്‍ ആ തുണ്ട് കടലാസ് അസി.കമ്മീഷണര്‍ക്ക്  നേര്‍ക്ക്‌ നീട്ടി..


"കാക്കിക്കുള്ളില്‍ നിന്ന് കൊണ്ടുള്ള എന്റെ പോരാട്ടങ്ങള്‍  ഇവിടെ അവസാനിപ്പിക്കുന്നു.
ഇവിടെ ഞാന്‍ എന്റെ സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു".


20 വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ കണ്ടു പരിചയിച്ച അതെ കയ്യക്ഷരങ്ങള്‍.

അച്ചടക്കത്തിന്റെ പ്രതിരൂപമായിരുന്ന ജയരാജിന്റെ കയ്യക്ഷരങ്ങള്‍ക്ക് ഒട്ടും അച്ചടക്കം ഇല്ലായിരുന്നുവല്ലോ.
വാചകങ്ങള്‍ക്ക് കീഴില്‍ തന്റെ മുന്‍പില്‍ പലപ്പോഴും എത്താറുള്ള പറവൂര്‍ സി.ഐ.യുടെ കയ്യൊപ്പ്.


-"ഫ്രീഡം ഓഫ് ആക്ഷന്‍ ഈസ്‌ എ ടൈപ് ഓഫ് ക്രിയേറ്റിവിറ്റി"-

    പണ്ടെങ്ങോ വായിച്ചു മറന്ന  നജീബ് മഹ്ഫൂസിന്റെ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ അയ്യാളുടെ ഓര്‍മയിലേക്ക് കടന്നുവന്നു.


*                                                             *                                                       *
ഐ.ജി.ജോസഫ് സര്‍ അവന്റെ കയ്യക്ഷരം നന്നാക്കാന്‍ എത്രയോ ശ്രമിച്ചിരിക്കുന്നു.


രാത്രിയിലിടക്കിടെ ഉണര്‍ന്നു നോക്കുമ്പോള്‍ മെഴുകുതിരിയും കത്തിച്ചു വച്ചു കുത്തിയിരുന്നു ഇമ്പോസിഷന്‍ എഴുതുന്ന ജയരാജു അയ്യാളുടെ ഓര്‍മയിലേക്ക് വന്നു."പട്ടീടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെയിരിക്കും,"
 ഒടുവില്‍ ജോസഫ് സര്‍ തന്റെ പരാജയം സമ്മതിച്ചു.
ജയരാജുമായി ബന്ധപ്പെട്ട ഒരു വിവാദം നിറഞ്ഞു നിന്നപ്പോള്‍ അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയിട്ട് കാര്യമില്ലെന്ന് ജോസഫ് സര്‍ പറഞ്ഞത് ജസ്റ്റിന്‍ തോമസ്‌ ഓര്‍ത്തു.

 *                                                              *                                                       *

ചിന്തകള്‍ കാട് കയറാന്‍ തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അയ്യാള്‍ പതുക്കെ എഴുന്നേറ്റു.
കാബിന്‍ തുറന്നു പുറത്തിറങ്ങിയതും ഡ്രൈവര്‍ ബൈജു ക്വാളിസ് കാറുമായെത്തി.

അയ്യാളുടെ മനസിന്‌ പിന്നാലെ ബൈജു ക്വാളിസ് പായിച്ചു.

സോമന്‍ ഫോണിലൂടെ ആര്‍ക്കൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കി ക്കൊണ്ടിരിക്കുന്നു. ഇടയ്ക്കൊക്കെ അയ്യാള്‍ എന്തൊക്കെയോ പറയുന്നതും പൊട്ടിച്ചിരിക്കുന്നതും ജസ്റിന്‍ തോമസ്‌ അവ്യക്തതയോടെ കേട്ടു.

പൊഴിമുഖത്ത് വാഹനം ചീറി  പാഞ്ഞു നിന്നപ്പോള്‍ ജനക്കൂട്ടം രണ്ടു ഭാഗത്തെക്കുമായി  മാറി വഴിയൊരുക്കി.

ഇടയ്ക്കിടെ കടലില്‍ നീലക്കുപ്പായക്കാര്‍ പൊങ്ങുകയും  താഴുകയും ചെയ്യുന്നുണ്ട്. 
നേവിയുടെ ബോട്ടും മുങ്ങല്‍ വിദഗ്ദ്ധരും എത്തിയിരിക്കുന്നു.
അയ്യാള്‍ ജനക്കൂട്ടത്തിനു  നടുവിലൂടെ പുതുതായി പണികഴിപ്പിച്ച പുലിമുട്ടിലൂടെ മുന്നോട്ടു നടന്നു.
ജയരാജുമായി താന്‍ മുന്‍പെപ്പോഴോ ഇവിടെ വന്നിട്ടുണ്ട്.
മത്സ്യ തൊഴിലാളിയായ തന്റെ അച്ചന്‍ ഇവിടെവിടെയോ ഉണ്ടെന്നു അന്ന് ജയരാജു പറഞ്ഞത് അയ്യാള്‍ ഓര്‍ത്തു.

കായലില്‍ ശവം പൊങ്ങിയ വാര്‍ത്ത  അറിഞ്ഞാലുടന്‍  ജയരാജു തന്റെ തിരക്കുകള്‍ മാറ്റി  വച്ചു ഇവിടെ ഓടിയെത്തുമായിരുന്നു. തന്റെ അധികാര പരിധിയില്‍ അല്ലാത്തപ്പോഴും അവന്‍ പാഞ്ഞെത്തുമായിരുന്നു.

കായലില്‍ പൊങ്ങുന്ന ഓരോ ശവത്തിലും  ജയരാജ്  ആരെയോ പരതികൊണ്ടിരുന്നു.
ആത്മഹത്യയാണോ  കൊലപാതകമാണോ എന്ന്   ശവം കാണുന്ന മാത്രയില്‍ തന്നെ അവന്‍ തിരിച്ചറിയുമായിരുന്നല്ലോ.
  ഒട്ടോപ്സിയില്‍ മറിച്ചൊരു റിപ്പോര്‍ട്ട് നാളിതുവരെ വന്നിട്ടുമില്ല.

ശവത്തോടുള്ള പ്രേമം മൂലം    ഡിപ്പാര്ട്ട്മെന്റില്‍ അവന്‍ 'ശവം' എന്ന അപരനാമത്തില്‍            അറിയപ്പെട്ടുതുടങ്ങി.

കേസന്വേഷണത്തില്‍ ക്രമസമാധാനപാലനത്തില്‍  ആദ്യ കാലങ്ങളില്‍ വലിയ വിജയമായിരുന്നല്ലോ അവന്‍.
ആ വിജയങ്ങള്‍ തന്നെയാണ് അയാളുടെ ശേഷിച്ച ജീവിതത്തിന്റെ പരാജയങ്ങള്‍ക്കു കാരണവും.
കാക്കിയിട്ടവന്റെ  ജീവിതം  ഒരു പോരാളിയുടെതിനു തുല്യമാണെന്ന് ജയരാജ് പലപ്പോഴും പറയുമായിരുന്നു.
പോരാട്ടങ്ങളുടെ അവസാനം മരണമാണല്ലോ.


ജസ്റ്റിന്‍ തോമസ്‌ നടന്നു പുലിമുട്ട് അവസാനിക്കുന്നിടത്തെത്തി.
പെട്ടെന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ ഒരനക്കം.
അതാ ജയരാജ്.
ജയരാജ് അയ്യാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
തന്റെ പഴയ ആ സൂപ്പര്‍ വൈറ്റ്  പുഞ്ചിരി.

അപ്പോഴേക്കും ഒരു വലിയ തിരമാല ഉയര്‍ന്നു ജസ്റ്റിന്‍ തോമസിന് നേര്‍ക്കുവന്നു. ഉയര്‍ന്നു വന്ന തിരമാലകള്‍ക്കിടയിലൂടെ തനിക്കു നേരെ  വന്ന സലൂട്ടിനു അയ്യാള്‍  പ്രത്യഭിവാദ്യം ചെയ്തു.
സി.ഐ.സോമന്‍ അപ്പോള്‍ അയ്യാളുടെ ചെവിയില്‍ തിരച്ചില്‍ അവസാനിപ്പിച്ചതായുള്ള നേവിയുടെ തീരുമാനം  അറിയിച്ചു.  

28 അഭിപ്രായങ്ങൾ:

 1. കാക്കിക്കുള്ളിലെ പോരാളികള്‍ക്ക് ,
  പോരാട്ടങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ,
  'കാക്കി' ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കെണ്ടിവന്നവര്‍ക്ക്;
  ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ഇതുപോലെയൊരു സഹൃദം അധികം വായിച്ചിട്ടില്ല. നന്നായി പറഞ്ഞു. ഇന്ത്യയുടെ എക്കാലെത്തെയും മഹനായ സ്റ്റോപ്പർ ബാക്ക് സത്യനെ ഓർമ്മവന്നു വായനക്കൊടുവിൽ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ ...

   ഇല്ലാതാക്കൂ
 3. ഇത് ഇഷ്ടായിം ഒരു പുതിയ തീം ആണ്
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ വരവിനും ഒരു അഭിപ്രായം കുറിക്കാന്‍ കാണിച്ച നല്ല മനസ്സിനും നന്ദി...

   ഇല്ലാതാക്കൂ
 4. പോരാട്ടങ്ങളുടെ അവസാനം മരണമാണല്ലോ...
  നല്ല അവതരണം. നല്ല ഒഴുക്ക് വായനയെ സുഖമമാക്കി.
  ജസ്റിന്‍ തോമസും ജയരാജും മനസ്സില്‍ മായാതെ അവശേഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട രാംജി സര്‍,
   താങ്കളുടെ ഈ വരവിനും അഭിപ്രായം കുറിക്കാന്‍ കാണിച്ച നല്ല മനസ്സിനും നന്ദി....

   ഇല്ലാതാക്കൂ
 5. പ്രിയപ്പെട്ട സുഹൃത്തേ,
  വളരെ വ്യതസ്തമായ വിഷയം,മനോഹരമായി അവതരിപ്പിച്ചു.
  വിശദമായി വെളിപ്പെടുത്തിയ അപൂര്‍വ സൗഹൃദം...!
  അഭിനന്ദനങ്ങള്‍ !
  കൂടുതല്‍ വായനക്കാര്‍ ഈ പോസ്റ്റ്‌ വായിക്കട്ടെ !
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട അനുപമാ,
   പ്രചോദനം ഉണ്ടാക്കുന്ന വാക്കുകള്‍.
   ഈ വരവിനും വാക്കുകള്‍ക്കും നന്ദി...

   ഇല്ലാതാക്കൂ
 6. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. വളരെ വ്യതസ്തമായ ഒരു കഥ കാക്കിക്കുള്ളിലെ പോരാളികള്‍ ....!
  നന്നായി അവതരിപ്പിച്ചു ...!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട കൊച്ചുമോളെ,
   ഈ വരവിനും അഭിപ്രായത്തിനും നന്ദി..

   ഇല്ലാതാക്കൂ
 8. സമയക്കുറവു കൊണ്ടാണ് വരവ് വൈകിയത് ..നല്ല ജീവനുള്ള കഥാപാത്രങ്ങള്‍ ,നല്ല ശൈലി..വീണ്ടും വരാം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി സര്‍,
   വീണ്ടും വരുമെന്നറിയിച്ചതില്‍ വലിയ സന്തോഷം.

   ഇല്ലാതാക്കൂ
 9. നല്ല അവതരണം...

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട മുബി,
   ഈ വരവിനും അഭിപ്രായത്തിനും നന്ദി...

   ഇല്ലാതാക്കൂ
 10. അധികമാരും പരാമര്‍ശിക്കാത്ത ഒരു മേഖലയില്‍ നിന്ന് നല്ലൊരു കഥയുമായി ഈ വായന രസകരമായി. ഞാന്‍ ആദ്യമായാണിവിടെ.


  (അയാള്‍ എന്നെഴുതുന്നതാണ് ശരിയെന്ന് തോന്നുന്നു അയ്യാള്‍ എന്ന് കാണുന്നത് അല്പം അരോചകമായിരിക്കുന്നു)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ സര്‍,
   താങ്കളുടെ വരവിനും അഭിപ്രായത്തിനും ആദ്യമായി നന്ദി അറിയിക്കുന്നു...
   'അയാള്‍' എന്ന ഉപയോഗത്തെ തന്നെയാണ് തീര്‍ച്ചയായും ഞാനും ഇഷ്ടപ്പെടുന്നത്.
   'അയ്യാള്‍' തീര്‍ച്ചയായും അരോചകം തന്നെ...
   തുടര്‍ന്നുള്ളവയില്‍ തിരുത്തിക്കോളാം ....
   തെറ്റ് ചൂണ്ടിക്കാനിച്ചതിനു നന്ദി....
   തുടര്‍ന്നും വരുമല്ലോ?

   ഇല്ലാതാക്കൂ
 11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 12. ഈ പോസ്റ്റ്‌ ഞാന്‍ മുമ്പ്‌ വായിച്ചുരുന്നെന്ന് തോന്നുന്നു... പോലീസ്‌ സേനയെ ആപദമാക്കിയുള്ള കഥകളൊന്നും തന്നെ ഇതുവരെ ബൂലോകത്തില്‍ വായിച്ചിട്ടില്ല. പുതിയ കഥ തന്തുവുമായി കഥ പറഞ്ഞ ഈ ശ്രമത്തിന്‌ അഭിനന്ദങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 13. പ്രിയപ്പെട്ട മോഹിയുദ്ദീന്‍,
  ഈ സന്ദര്‍ശനത്തിനും അഭിപ്രായം കുറിക്കാന്‍ കാണിച്ച നല്ല മനസ്സിനും നന്ദി...

  മറുപടിഇല്ലാതാക്കൂ
 14. Dear Venpal,
  An excellent service story. Expect more from your talent

  all the best

  മറുപടിഇല്ലാതാക്കൂ
 15. ഇതെന്താ സുരേഷ് ഗോഫി സാറിന്റെ സിനിമയോ!
  അവതരണം കിടുക്കി കേട്ടോ.


  ('കല്ലിവല്ലി'യിലെ കമന്റിനു നന്ദി. ഡാഷ്‌ ബോര്‍ഡില്‍ കാണാത്തത് ഫോളോ ചെയ്യാത്തത് കൊണ്ടായിരിക്കാം. ഉടന്‍ കല്ലിവല്ലി ആശ്രമത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
  സ്നേഹത്തോടെ, കണ്ണൂരാനന്ദ ആസാമികള്‍ !)

  മറുപടിഇല്ലാതാക്കൂ
 16. നല്ല അവതരണം, വ്യത്യസ്തമായ പശ്ചാത്തലം, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. നന്നായി എഴുതി......
  പലരും പറഞ്ഞതുപോലെ കഥയുടെ പരിസരസൃഷ്ടിക്ക് പുതുമയുണ്ട്.....

  മറുപടിഇല്ലാതാക്കൂ