ചൊവ്വാഴ്ച, മേയ് 08, 2012

പാസ്സിംഗ് ഔട്ട്‌

മകര മാസത്തിലെ തണുപ്പുള്ള പ്രഭാതമായിരുന്നിട്ടു കൂടി അസി.കമ്മീഷണര്‍     ജസ്റ്റിന്‍ തോമസ്‌ തന്റെ കാബിനില്‍ ഇരുന്നു വിയര്‍ത്തു.

കാബിന്‍ എയര്‍ കണ്ടീഷന്‍ ചെയ്യണമെന്നു ഈ വര്‍ഷവും വിചാരിച്ചതാണ്.പക്ഷെ കമ്മീഷണര്‍  ഒഫീസീലെ സീനിയര്‍ സൂപ്രണ്ട് കെ.ജെ.ഫ്രാന്‍സിസ് അത് മുളയിലെ നുള്ളി...
അസി.കമ്മീഷണറുടെ കാബിന്‍    എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിന് പ്രൊവിഷന്‍ ഇല്ല പോലും......

  ഓര്‍ത്തപ്പോള്‍ അയ്യാള്‍ക്ക്  ചെറുവിരലില്‍ നിന്നും ഒരു പെരുപ്പ്‌ മേല്‍പ്പോട്ടു കയറുന്നതായി തോന്നി.
മൊബൈല്‍ ഫോണെടുത്ത് അയ്യാള്‍ ഒരു പ്രാവശ്യം കൂടി അത് ശ്രവിച്ചു.

"പറവൂര്‍ കായലിലൂടെ 'ശവം',  ശവമായി ഒഴുകി നടക്കുന്നു.ഹ ഹ ഹാ!"

രാവിലെ എപ്പോഴോ വന്ന വോയിസ് മെസേജാണ്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോമന്റെ ശബ്ദം.

*                                          *                                                                          *

പെട്ടെന്ന് പെരുമ്പറ മുഴക്കങ്ങള്‍ക്കിടയിലൂടെ ബ്യൂഗിളിന്റെ ശബ്ദം ഉയര്‍ന്നു.

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പാസിംഗ് ഔട്ട്‌ പരേഡു അയാളുടെ മനസ്സിലൂടെ ലെഫ്-  റേറ്റ്  അടിച്ചു കടന്നു പോയി.

യുദ്ധങ്ങളോട് എന്നെന്നേക്കുമായി വിടപറഞ്ഞു അഹിംസയെ നെഞ്ചേറ്റി,രാജ്യത്തിന്റെ ആത്മാവിലേക്കതിനെ കുടിയിരുത്തിയ മഹാന്‍ സ്ഥാപിച്ച സ്തംഭ മാതൃകകളും   ശിരസിലേറ്റി നിശ്ചയധാര്‍ട്യവും ആത്മ വിശ്വാസവും സ്ഫുരിക്കുന്ന കണ്ണുകളോടെ നില്‍ക്കുന്ന 34 സബ്‌ ഇന്‍സ്പെക്ടര്മാര്‍.
    
വിണ്ണില്‍ നിന്നും അപ്പോള്‍ അടര്‍ന്നു വീണെന്ന് തോന്നിക്കുന്ന തരത്തില്‍ അവരുടെ തോളുകളിലി രുന്നു തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങള്‍...
പവലിയനില്‍ അഭിമാനത്തോടെ നിറഞ്ഞ മനസ്സുമായി നില്‍ക്കുന്ന മാതാപിതാക്കള്‍;
സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കുഞ്ഞുങ്ങള്‍.
കൊച്ചു വര്‍ത്തമാനങ്ങളുമായി   നിറഞ്ഞു നില്‍ക്കുന്ന കൂട്ടുകാരും നാടുകാരും.
ലൈസന്‍സില്ലാതെ സ്കൂട്ടരോടിക്കുംപോള്‍, ബുക്കും പേപ്പറും എടുക്കാന്‍ മറക്കുമ്പോള്‍  വഴിയില്‍ കൈ കാണിക്കുന്ന പോലീസുകാരനോട്‌ ഇനി എസ്.ഐ.യുടെ ആളാണെന്നു പറയാമല്ലോ.

കോളാമ്പിയിലൂടെ കോമ്പയറുടെ ശബ്ദം മുഴങ്ങി.

                                     ബെസ്റ്റ് ഔട്ഡോര്‍ കേഡറ്റ്:
                                                                                      ശ്രീ.യു.ജയരാജ്.

                                     ബെസ്റ്റ് ഇന്‍ഡോര്‍ കേഡറ്റ്:
                                                                                          ശ്രീ.യു ജയരാജ്.

                                                        ബെസ്റ്റ് ഷൂട്ടര്‍:
                                                                                             ശ്രീ.യു ജയരാജ്.


   *                                                              *                                                                     *

പെട്ടെന്ന് കാബിന്റെ ഡോര്‍ തള്ളി തുറന്നു ഹെഡ് കോണ്‍സ്റ്റബില്‍ ഉണ്ണിത്താന്‍ അകത്തേക്ക് വന്നു.

"സര്‍,കസബ സി.ഐ കാണാനെത്തിയിരിക്കുന്നു".

"ഉം".

"അയ്യാളോട് പത്തു മിനുട്ട് വെയിറ്റ് ചെയ്യാന്‍ പറയൂ".


   *                                            *                                                                   *

ജസ്റ്റിന്‍ തോമസ്‌ വീണ്ടും 20 വര്‍ഷം പിറകിലേക്ക് പോയി....

തിരുവനന്തപുരത്തെ പോലിസ് ട്രെയിനിംഗ് കോളേജ.
ബാരക്കില്‍,
ഒരേ മുറിയിലെ താമസക്കാര്‍ താനും ജയരാജുമായിരുന്നല്ലോ

             പി.ടി. ചെയ്യുന്നതിനായി രാവിലെ 6 മണിക്ക്  ഗ്രൗണ്ടില്‍ ഫാളിന്‍ ആകണം.
5 .30 മണിക്ക്    മുഴങ്ങുന്ന അലാറം കേട്ടുണരുമ്പോള്‍ എപ്പോഴും ജയരാജ് റെഡിയായി മുന്നില്‍ തന്നെ കാണും.

വെളുത്ത ബനിയനും ട്രൌസറും മടക്കി വച്ച വെളുത്ത കാലുറയും പി.ടി.ഷൂസും ധരിച്ചു സൂപ്പര്‍ വൈറ്റ് ചിരിയുമായി തന്റെ മുന്നില്‍ നില്‍ക്കുന്ന ജയരാജ്.
വേഗമാകട്ടടോ എന്ന് പറഞ്ഞു റൂമിലൂടെയുള്ള അവന്റെ ഉലാത്തലുകള്‍.......
ഒന്നിനും സമയം തികയാത്ത തനിക്കു പലപ്പോഴും ഷേവ് ചെയ്തു തരുന്നതും ഷൂ ലെയ്സ് കെട്ടി തരുന്നതും കൂടി അവനാണ്.

സ്പോര്‍ട്സില്‍, ആര്‍ട്സില്‍, പ്രസംഗത്തില്‍, മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍, പി.ടി.ഗ്രൗണ്ടില്‍, പരേഡുഗ്രൗണ്ടില്‍.....
 എല്ലായ്പ്പോഴും അവന്‍ തന്നെയായിരുന്നു ഒന്നാമന്‍.
പോലിസ് ഒഫീസറാകാന്‍ വേണ്ടി തന്നെ ജനിച്ചവനാണല്ലോ ഇവനെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.

ട്രയിനിങ്ങിന്റെ  ആദ്യ ദിവസങ്ങളില്‍ പരേഡുബൂട് കെട്ടി കാലുകളിലെ തൊലി പൊട്ടിയടര്‍ന്നു കാല്‍ പാദം മുഴുവന്‍ നീരുവച്ചു വീര്‍ത്തു നടക്കാന്‍ പോലും വിഷമിച്ച  തനിക്കു സ്വന്തം വേദനകള്‍ പോലും മറന്നു സഹനത്തിനുള്ള ശക്തിപകര്‍ന്നു  തന്നവന്‍..

തണുത്ത ഇരുമ്പു കട്ടിലില്‍ കിടന്നു കരഞ്ഞു തള്ളി നീക്കിയ രാത്രികള്‍ ..
പുഷ് അപ്  ആയും അബ്ഡമന്‍ ആയും പണിഷ്മെന്റുകള്‍ മാറി മാറി കിട്ടുമ്പോള്‍
കതിരവനെയും ഗ്രൌണ്ടിലെ ചുട്ടുപഴുത്ത മണല്‍ തരികളെയും സാക്ഷിയാകി പകലിനോടുള്ള മത്സരങ്ങള്‍...

പുതുതായി ചാര്‍ജെടുത്ത ട്രയിനിംഗ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്റെ ക്രൂരമായപീഡനങ്ങള്‍.
ഗ്രൌണ്ടിലെ നിസാര പിഴവുകള്‍ക്ക് പോലും അയ്യാള്‍ നല്‍കുന്ന ക്രൂരമായ ശിക്ഷകള്‍..
സുരേന്ദ്രന്റെ കുട്ടികള്‍ പോലിസ് ജീവിതത്തില്‍ ഒരിക്കല്‍ പോലും പതറിപ്പോകാന്‍ പാടില്ലെന്നാണ് അയ്യാള്‍ തന്റെ ശിക്ഷകള്‍ക്ക് ന്യായീകരണമായി പറയുന്നത്.
ഇത്തരം ദിനങ്ങളിലൊരു രാത്രിയില്‍ ട്രെയിനിംഗ് കാമ്പില്‍ നിന്നും ചാടിപ്പോകാന്‍ തീരുമാനിച്ച തന്നെ ആശ്വസിപ്പിച്ച് പിടിച്ചു നിര്‍ത്തിയ സ്നേഹവും പിന്തുണയും.

*                                                          *                                                            *

അയ്യാള്‍ ബെല്‍ മുഴക്കി കോണ്‍സ്റ്റബില്‍ ഉണ്ണിത്താനെ വിളിച്ചു.

"കസബ സി.ഐ.യോട് വരാന്‍ പറയൂ"...

*                                                           *                                                             *

തന്റെ ബാച്ചിലെ ഓരോ മുഖങ്ങളും അയ്യാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു മൂന്ന് നാല് പേര്‍ ഇതിനകം 'കാക്കി' ഉപേക്ഷിച്ചു പോയി.
സാമുവേല്‍ ദുബൈയില്‍ ബിസിനസ് ചെയ്യുന്നു.
വിജയന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെവിടെയോ ഉണ്ട്.
ട്രയിനിംഗ് ബാച്ചിലെ ഏക നിയമ ബിരുദധാരിയായിരുന്നു അഷ്‌റഫ്‌.
അവന്‍ ആദ്യം തന്നെ 'കാക്കി'  ഉപേക്ഷിച്ചു.
ഇപ്പോള്‍ ഹൈക്കോടതിയില്‍ പ്രാക്ടിസ് ചെയ്യുന്നു.
സോമനും ജയരാജമൊഴികെ സര്‍വ്വീസിലുളള  മറ്റെല്ലാവരും ഇപ്പോള്‍ ഡി.വൈ.എസ്.പി.മാരാണ്.

*                                                              *                                                             *

ഹാഫ് ഡോറിനടിയിലൂടെ ഒരു കുടവയര്‍ എത്തിനോക്കി.
സി.ഐ.സോമനാണ്.
കഴിഞ്ഞ 20 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ അയ്യാള്‍ ചെയ്തു കൂട്ടിയ സകല ദുഷ്കര്‍മങ്ങളുടെയും  ആകെ തുകയായ ദുര്‍മേദസ്  അയ്യാളുടെ ശരീരത്തിലിരുന്നു തന്നെ നോക്കി അഹങ്കരിക്കുന്നതായി ജസ്റ്റിന്‍ തോമസിന് തോന്നി...

രാവിലെ തനിക്കയച്ച മെസ്സേജില്‍ നിറഞ്ഞു നിന്ന ചിരി അയ്യാളുടെ മുഖത്തിപ്പോഴുമുണ്ട്.
ഇയ്യാള്‍ക്കെങ്ങനെ ചിരിക്കാനാകുന്നു?
ജസ്റ്റിന്‍ തോമസ്‌ അസ്വസ്ഥനായി...
അയ്യാളുടെ അസ്വസ്ഥത തിരിച്ചരിഞ്ഞിട്ടെന്ന വണ്ണം സി.ഐ.സോമന്‍ കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങി.

മൃതദേഹം ഒഴുകി നടക്കുന്ന വിവരം മത്സ്യ തൊഴിലാളികള്‍ ആണത്രേ ആദ്യം അറിയിച്ചത്.
കരക്കെത്തിക്കാന്‍ അവര്‍ പലവുരു ശ്രമിച്ചെങ്കിലും അഴിമുഖത്ത് ശക്തമായ ഒഴുക്കുള്ളതിനാല്‍ പിടികൊടുക്കാതെ മൃതദേഹം കരയിലും കടലിലുമായി മാറി മാറി  ഒഴുകി നടക്കുകയാണ്.

മേലുദ്യോഗസ്ഥനോടുള്ള ബഹുമാനമോ അച്ചടക്കമോ  ഈയിടെയായി സോമന്റെ വാക്കുകളിലേക്ക്‌ കടന്നു വരാറേയില്ല....
മനസ്സില്‍ അടിഞ്ഞു കൂടാറുള്ള അനിഷ്ടങ്ങളും  നീരസങ്ങളും ഒക്കെ  ഒരേ ബാച്ചുകാര്‍ എന്ന പരിഗണനയാല്‍  പലപ്പോഴും ജസ്റ്റിന്‍ തോമസ്‌ പുറത്ത് കാണിക്കാറുമില്ല്ല.

സോമന്‍ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ഫയര്‍ ഫോഴ്സുകാര്‍ എത്തിച്ചേര്‍ന്നു ചില ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും വേഗത്തില്‍ പിന്മാറി....
ഇപ്പോള്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധന്മാര്‍ എത്തിചേര്‍ന്നിട്ടുണ്ട്.ഉച്ചയോടെ മൃതദേഹങ്ങള്‍ തപ്പിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണവര്‍.
  സമീപത്തു കായല്‍ കരയില്‍ നിന്നും ഒരു ജോഡി യൂണിഫോമും അതോടൊപ്പം ഒരു ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു.
ഒഴുകി നടക്കുന്ന ശവം ജയരാജിന്റെതാണെന്ന് തിരിച്ചരിഞ്ഞതങ്ങനെയാണ്.

"അല്ലെങ്കിലും ആര്‍ക്കും പിടി കൊടുക്കാത്ത ഒരു ഒറ്റയാന്‍ പോക്കായിരുന്നല്ലോ അവന്റെത്‌"

        പറഞ്ഞു നിര്‍ത്തിയതും ജസ്റ്റിന്‍ തോമസ്‌ അയ്യാളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി...
'അര്‍ഥം മനസ്സിലാക്കിയ അയ്യാള്‍ ആ തുണ്ട് കടലാസ് അസി.കമ്മീഷണര്‍ക്ക്  നേര്‍ക്ക്‌ നീട്ടി..


"കാക്കിക്കുള്ളില്‍ നിന്ന് കൊണ്ടുള്ള എന്റെ പോരാട്ടങ്ങള്‍  ഇവിടെ അവസാനിപ്പിക്കുന്നു.
ഇവിടെ ഞാന്‍ എന്റെ സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു".


20 വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ കണ്ടു പരിചയിച്ച അതെ കയ്യക്ഷരങ്ങള്‍.

അച്ചടക്കത്തിന്റെ പ്രതിരൂപമായിരുന്ന ജയരാജിന്റെ കയ്യക്ഷരങ്ങള്‍ക്ക് ഒട്ടും അച്ചടക്കം ഇല്ലായിരുന്നുവല്ലോ.
വാചകങ്ങള്‍ക്ക് കീഴില്‍ തന്റെ മുന്‍പില്‍ പലപ്പോഴും എത്താറുള്ള പറവൂര്‍ സി.ഐ.യുടെ കയ്യൊപ്പ്.


-"ഫ്രീഡം ഓഫ് ആക്ഷന്‍ ഈസ്‌ എ ടൈപ് ഓഫ് ക്രിയേറ്റിവിറ്റി"-

    പണ്ടെങ്ങോ വായിച്ചു മറന്ന  നജീബ് മഹ്ഫൂസിന്റെ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ അയ്യാളുടെ ഓര്‍മയിലേക്ക് കടന്നുവന്നു.


*                                                             *                                                       *
ഐ.ജി.ജോസഫ് സര്‍ അവന്റെ കയ്യക്ഷരം നന്നാക്കാന്‍ എത്രയോ ശ്രമിച്ചിരിക്കുന്നു.


രാത്രിയിലിടക്കിടെ ഉണര്‍ന്നു നോക്കുമ്പോള്‍ മെഴുകുതിരിയും കത്തിച്ചു വച്ചു കുത്തിയിരുന്നു ഇമ്പോസിഷന്‍ എഴുതുന്ന ജയരാജു അയ്യാളുടെ ഓര്‍മയിലേക്ക് വന്നു."പട്ടീടെ വാല്‍ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെയിരിക്കും,"
 ഒടുവില്‍ ജോസഫ് സര്‍ തന്റെ പരാജയം സമ്മതിച്ചു.
ജയരാജുമായി ബന്ധപ്പെട്ട ഒരു വിവാദം നിറഞ്ഞു നിന്നപ്പോള്‍ അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയിട്ട് കാര്യമില്ലെന്ന് ജോസഫ് സര്‍ പറഞ്ഞത് ജസ്റ്റിന്‍ തോമസ്‌ ഓര്‍ത്തു.

 *                                                              *                                                       *

ചിന്തകള്‍ കാട് കയറാന്‍ തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അയ്യാള്‍ പതുക്കെ എഴുന്നേറ്റു.
കാബിന്‍ തുറന്നു പുറത്തിറങ്ങിയതും ഡ്രൈവര്‍ ബൈജു ക്വാളിസ് കാറുമായെത്തി.

അയ്യാളുടെ മനസിന്‌ പിന്നാലെ ബൈജു ക്വാളിസ് പായിച്ചു.

സോമന്‍ ഫോണിലൂടെ ആര്‍ക്കൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കി ക്കൊണ്ടിരിക്കുന്നു. ഇടയ്ക്കൊക്കെ അയ്യാള്‍ എന്തൊക്കെയോ പറയുന്നതും പൊട്ടിച്ചിരിക്കുന്നതും ജസ്റിന്‍ തോമസ്‌ അവ്യക്തതയോടെ കേട്ടു.

പൊഴിമുഖത്ത് വാഹനം ചീറി  പാഞ്ഞു നിന്നപ്പോള്‍ ജനക്കൂട്ടം രണ്ടു ഭാഗത്തെക്കുമായി  മാറി വഴിയൊരുക്കി.

ഇടയ്ക്കിടെ കടലില്‍ നീലക്കുപ്പായക്കാര്‍ പൊങ്ങുകയും  താഴുകയും ചെയ്യുന്നുണ്ട്. 
നേവിയുടെ ബോട്ടും മുങ്ങല്‍ വിദഗ്ദ്ധരും എത്തിയിരിക്കുന്നു.
അയ്യാള്‍ ജനക്കൂട്ടത്തിനു  നടുവിലൂടെ പുതുതായി പണികഴിപ്പിച്ച പുലിമുട്ടിലൂടെ മുന്നോട്ടു നടന്നു.
ജയരാജുമായി താന്‍ മുന്‍പെപ്പോഴോ ഇവിടെ വന്നിട്ടുണ്ട്.
മത്സ്യ തൊഴിലാളിയായ തന്റെ അച്ചന്‍ ഇവിടെവിടെയോ ഉണ്ടെന്നു അന്ന് ജയരാജു പറഞ്ഞത് അയ്യാള്‍ ഓര്‍ത്തു.

കായലില്‍ ശവം പൊങ്ങിയ വാര്‍ത്ത  അറിഞ്ഞാലുടന്‍  ജയരാജു തന്റെ തിരക്കുകള്‍ മാറ്റി  വച്ചു ഇവിടെ ഓടിയെത്തുമായിരുന്നു. തന്റെ അധികാര പരിധിയില്‍ അല്ലാത്തപ്പോഴും അവന്‍ പാഞ്ഞെത്തുമായിരുന്നു.

കായലില്‍ പൊങ്ങുന്ന ഓരോ ശവത്തിലും  ജയരാജ്  ആരെയോ പരതികൊണ്ടിരുന്നു.
ആത്മഹത്യയാണോ  കൊലപാതകമാണോ എന്ന്   ശവം കാണുന്ന മാത്രയില്‍ തന്നെ അവന്‍ തിരിച്ചറിയുമായിരുന്നല്ലോ.
  ഒട്ടോപ്സിയില്‍ മറിച്ചൊരു റിപ്പോര്‍ട്ട് നാളിതുവരെ വന്നിട്ടുമില്ല.

ശവത്തോടുള്ള പ്രേമം മൂലം    ഡിപ്പാര്ട്ട്മെന്റില്‍ അവന്‍ 'ശവം' എന്ന അപരനാമത്തില്‍            അറിയപ്പെട്ടുതുടങ്ങി.

കേസന്വേഷണത്തില്‍ ക്രമസമാധാനപാലനത്തില്‍  ആദ്യ കാലങ്ങളില്‍ വലിയ വിജയമായിരുന്നല്ലോ അവന്‍.
ആ വിജയങ്ങള്‍ തന്നെയാണ് അയാളുടെ ശേഷിച്ച ജീവിതത്തിന്റെ പരാജയങ്ങള്‍ക്കു കാരണവും.
കാക്കിയിട്ടവന്റെ  ജീവിതം  ഒരു പോരാളിയുടെതിനു തുല്യമാണെന്ന് ജയരാജ് പലപ്പോഴും പറയുമായിരുന്നു.
പോരാട്ടങ്ങളുടെ അവസാനം മരണമാണല്ലോ.


ജസ്റ്റിന്‍ തോമസ്‌ നടന്നു പുലിമുട്ട് അവസാനിക്കുന്നിടത്തെത്തി.
പെട്ടെന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ ഒരനക്കം.
അതാ ജയരാജ്.
ജയരാജ് അയ്യാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
തന്റെ പഴയ ആ സൂപ്പര്‍ വൈറ്റ്  പുഞ്ചിരി.

അപ്പോഴേക്കും ഒരു വലിയ തിരമാല ഉയര്‍ന്നു ജസ്റ്റിന്‍ തോമസിന് നേര്‍ക്കുവന്നു. ഉയര്‍ന്നു വന്ന തിരമാലകള്‍ക്കിടയിലൂടെ തനിക്കു നേരെ  വന്ന സലൂട്ടിനു അയ്യാള്‍  പ്രത്യഭിവാദ്യം ചെയ്തു.
സി.ഐ.സോമന്‍ അപ്പോള്‍ അയ്യാളുടെ ചെവിയില്‍ തിരച്ചില്‍ അവസാനിപ്പിച്ചതായുള്ള നേവിയുടെ തീരുമാനം  അറിയിച്ചു.  

വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

മീഡിയാക്രസി

ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കകള്‍ക്ക് പകരം ഭയം കടന്നു വരാന്‍ തുടങ്ങിയതു മുതലാണ് അയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായത്‌.....

മുന്‍പ് പഠിച്ച മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന്റെ തിയറികളും തന്റെ പ്രിയപ്പെട്ട മാനേജ്‌മന്റ്‌ വിശാരധന്മാരുടെ പുസ്തകങ്ങളും വീണ്ടും വീണ്ടും വായിച്ചു തുടങ്ങിയെങ്കിലും 'ഭയം' അയ്യാളെ കീഴടക്കിക്കൊണ്ട്തന്നെയിരുന്നു....

സമാനമായ അനുഭവങ്ങള്‍ അയ്യാളുടെ ജീവിതത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്...സാത്താന്മാരും ഇബുലീസുമാരുo ഗന്ധര്‍വന്മാരും ഒക്കെചേര്‍ന്ന് അയ്യാളുടെ ജീവിതയാത്രയെ പലതരത്തിലും തടസപ്പെടുത്തിയിട്ടുണ്ട്...


 ഇനിയെന്ത്?ഇനിയെങ്ങോട്ട്? എന്നതിന് ഉത്തരങ്ങളില്ലാതെ അയ്യാള്‍ പലപ്പോഴും പകച്ചു നിന്നിട്ടുണ്ട്.

 ഇത്തരം സാഹചര്യങ്ങളില്‍ മൌനം പാലിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്തു കൊണ്ട് ദൈവം പോലും അയാള്‍ക്കെതിരായി നിന്നിട്ടുണ്ട്.....


അപ്പോഴൊക്കെയും വര്‍ധിത വീര്യത്തോടെ അയാള്‍ തിരിച്ചു വന്നിട്ടുമുണ്ട്. 

മുന്നിലുയര്‍ന്നു വന്ന വന്മതിലുകളെയെല്ലാം തകര്‍ത്തെറിഞ്ഞിട്ടുമുണ്ട് ..... .


'ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസി'ന്റെ "സ്റ്റോറി ഓഫ് എ ഷിപ്‌ റെക്കഡു സെയിലര്‍" എന്ന ചെറിയ പുസ്തകം ആണ് അപ്പോഴൊക്കെ അയാളെ സഹായിച്ചിട്ടുള്ളത്.
വേദപുസ്തകം പോലെ എപ്പോഴും കൂടെക്കൊണ്ട് നടക്കാറുള്ള ആ കൊച്ചുപുസ്തകം ആവര്‍ത്തിച്ചാവര്‍ത്തിച്ചു   വായിച്ചിട്ടും അയാള്‍ 'ഭയ'ത്തിനു കീഴടങ്ങിക്കൊണ്ടുതന്നെയിരുന്നു....
*                                                     *                                                             *

തിരക്ക് പിടിച്ച ജീവിതങ്ങള്‍ ആളൊഴിഞ്ഞ അരങ്ങു  പോലെയാക്കിയ തന്റെ വീട്ടില് നായകനും പ്രതിനായകനും ആയി അയാള്‍ മാറി മാറി അഭിനയിച്ചു.

അടച്ചിട്ട വീടിനുള്ളില്‍ ഒറ്റയ്ക്കിരുന്നു തുടങ്ങിയപ്പോഴാണ് പുസ്തകങ്ങളേക്കാള്‍ നല്ലത് ടെലി വിഷനാണെന്നു അയാള്‍ അറിഞ്ഞുതുടങ്ങിയത്‌........ഇപ്പോള്‍ താന്‍ കേള്‍ക്കുന്നതെല്ലാം ചാനലുകള്‍ പറയുന്നതാണല്ലോ അജേഷ് ഓര്‍ത്തു... തനിക്കു പറയുവാനുള്ളതൊക്കെ കേള്‍ക്കാനും ചാനലുകള്‍ മാത്രം...

അനുപമയും ഭഗതും വേണുവും നിഷയും പ്രമോദും വീണയും ഒക്കെ മാത്രം...


കണ്ണുകള്‍ അയാളെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ തുടങ്ങിയപ്പോഴാണ് ചാനലില്‍ ബ്രേക്കിംഗ് ന്യൂ സുമായി അവളെത്തിയത്....

"കൊച്ചിയില്‍ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി അയ്യപ്പ ഭക്തന്മാരെ കൈകാര്യം ചെയ്തിരിക്കുന്നു"....

 

ഈ പെണ്‍കുട്ടിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ..

 

.പുതിയ അവതാരകയാണെന്നു തോന്നുന്നു..

 

.അവള്‍ വാര്‍ത്ത അവതരിപ്പിച്ച വിധം അജേഷ് ശ്രദ്ധിച്ചു.

അവളുടെ ചരിഞ്ഞ നോട്ടവും തന്റെ മുന്‍പിലുള്ള ടേബിളില്‍ കൈകള്‍ ചലിപ്പിച്ചു കൊണ്ട് അവള്‍ ഒരു പ്രത്യേക രൂപം വരയ്ക്കുന്നതും അയാള്‍ ശ്രദ്ധിച്ചു...
ഇവള്‍ക്ക് തന്നോട് മറ്റെന്തോക്കൊയോ പറയുവാനുണ്ടല്ലോ ...ഇവള്‍ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ടല്ലോ...


"ഇപ്പോള്‍ ഇങ്ങനെ പരസ്യമായി വെട്ടി തുറന്നു പറയുവാന്‍ കഴിയില്ലല്ലോ അജേഷ്;ഞാന്‍ പറയാം,ചിലകാര്യങ്ങള്‍,പിന്നീട് ,പിന്നീട്  ...എല്ലാവരും ഒന്ന് ഉറങ്ങിക്കോട്ടേ" 

അവള്‍ കണ്ണുകള്‍ ഇമവെട്ടികൊണ്ട് തന്നോട് മാത്രമായി ഇങ്ങനെ പറയുന്നത് അജേഷ് കേട്ടു....

 


അര്‍ദ്ധരാത്രിയില്‍ ആരോ കുലുക്കി വിളിച്ചപ്പോഴാണ് അയാള്‍ ഉണര്‍ന്നത്.അപ്പോള്‍ അവള്‍ മുന്നില്‍  തന്നെയുണ്ട്‌.21  ഇഞ്ച് എല്‍ .ജി ഫ്ലാറ്റ് ടിവി ക്കുള്ളില്‍ ഇരുന്നു അവള്‍ അയാളെ നോക്കിച്ചിരിച്ചു... ഒന്ന് കണ്ണിറുക്കിയിട്ട് വീണ്ടും ചിരിച്ചു...


 ഇത് അനുപമ തന്നെ... ഹെയര്‍ സ്റ്റൈലില്‍ വല്ലാത്ത മാറ്റം വന്നിരിക്കുന്നു... ആളെ പെട്ടെന്ന് അറിയാന്‍ പറ്റാത്ത തരത്തിലുള്ള ഒരുവലിയ മാറ്റം... എന്താണ് ഇവള്‍ക്ക്, അനുപമയ്ക്ക് തന്നോട് മാത്രമായി പറയുവാനുള്ളത്...അയാള്‍ അസ്വസ്ഥനായി...

 

"അജേഷ്, നീ ഇപ്പോള്‍ വല്ലാതെ  അസ്വസ്ഥനാകുന്നുണ്ടല്ലോ...ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും നീ മടങ്ങി വന്ന ആ രാത്രി ഞാന്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നുണ്ട് ...എന്തൊരു നിശ്ചയധാര്‍ട്യമായിരുന്നു  നിനക്കന്നു.... കാക്കിയിട്ടാല്‍ പിന്നെ 'അച്ചടക്കം' എന്നത് 'ദാസ്യം' എന്നായി മാറുമെന്നാണ് നീ പറഞ്ഞത്...ദാസ്യപ്പണി വേണ്ട എന്ന് വച്ചു നിശ്ചയധാര്‍ട്യത്തോടെ ഇറങ്ങിപ്പോന്നവനല്ലേ നീ....


ബി.ടെക്കും എം .ബി.എ യുമൊക്കെ കഴിഞ്ഞ തന്റെ യോഗ്യതയോ ബുദ്ധിയോ ഒന്നുമല്ല അവര്‍ക്കാവശ്യം..

ആടിക്കളിക്കെടാ എന്ന് പറയുമ്പോള്‍ ആടാനും ചാടിക്കളിക്കടാ എന്ന് പറയുമ്പോള്‍ ചാടാനും തയാറായ ഒരു 'ദാസ്യ'നെ മാത്രമാണ് അവര്‍ക്കാവശ്യം എന്ന് നീ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു...
പക്ഷെ അജേഷ് ഇപ്പോള്‍ എനിക്ക് നിന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ലല്ലോ..
എന്താണ് നീ കലുഷിതമനസ്സോടെ എന്നെയിങ്ങനെ തുറിച്ചു നോക്കുന്നത്....


"അനുപമാ, നീ നേരത്തെ പറഞ്ഞില്ലേ അയ്യപ്പ ഭക്തന്മാരെ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച കാര്യം; നീ പറഞ്ഞു കഴിഞ്ഞയുടന്‍ 'ഭഗതും' അതിനെക്കുറിച്ച്‌ എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു. നീ പറഞ്ഞ ആ വാര്‍ത്ത അപ്പോള്‍ മുതല്‍ എന്റെ ഉള്ളിലിരുന്നു എന്നെ വീര്‍പ്പു മുട്ടിച്ചുകൊണ്ടിരിക്കുകയാണ്.... "
"അല്ല;അനുപമാ നീ ചിലകാര്യങ്ങള്‍പിന്നീട്  പറയാമെന്നു എന്നോട് സൂചിപ്പിചിരുന്നല്ലോ .."


അനുപമയില്‍ ചില ഭാവ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് അയാള്‍ അറിഞ്ഞു...


ഇയ്യാളോട് താന്‍ എന്താണ് പറയേണ്ടത് ? ഇന്ന് ഡസ്ക്കില്‍ നടന്ന ചര്‍ച്ചകളെ കുറിച്ചോ? 

ന്യൂസ് ഡസ്ക്കിനെ കുറിച്ചു ഇയ്യാള്‍ക്കെന്തറിയാം? ഇയാള്‍ ഒരു പാവം എന്‍ജിനീയര്‍ ..


ഡസ്കില്‍ ന്യൂസ് എഡിറ്ററും ഡപ്യൂട്ടി ന്യൂസ് എഡിറ്ററും തമ്മില്‍ നടന്ന തര്‍ക്കം അനുപമ ഓര്‍ത്തു...

 ഇല്ല തനിക്കിത് മറച്ചു വയ്ക്കാനാകില്ല.. ആരെങ്കിലും ഒരാളോട് ഇത് പറഞ്ഞെ പറ്റൂ.. ഈ പാവം എന്‍ജിനീയറോട്‌ തന്നെയാവാം അത്.


"അജേഷ്, ഞാന്‍ നിന്നോട് ചില കാര്യങ്ങള്‍ പറയുകയാണ്‌.. എന്റെ വാര്‍ത്താ മുറിയില്‍ നടന്ന ചര്‍ച്ചയിലെ ചില ഭാഗങ്ങള്‍; ഞങ്ങളുടെ ഡപ്യൂട്ടി എഡിറ്ററുടെ ചില കണ്ടെത്തലുകളും സംശയങ്ങളും...ന്യൂസ് എഡിറ്ററുടെ ചില തീരുമാനങ്ങള്‍ ......


അജേഷ്, നീ വളരെ ഗൌരവത്തോടെ വേണം ഇവ കേള്‍ക്കാന്‍, ഇക്കാര്യങ്ങള്‍ ഞാന്‍ ഈ ലോകത്തോട്‌ മുഴുവന്‍ വിളിച്ചു പറയുവാന്‍ ആഗ്രഹിക്കുന്നില്ല...ആരെങ്കിലും ഒരാളോട്.... അത് നിന്നോട് തന്നെയാകട്ടെ...


ഞങ്ങളുടെ ഡപ്യൂട്ടി എഡിറ്ററുണ്ടല്ലോ;രമാകാന്തന്‍, അതിസമര്‍ഥനാണയ്യാള്‍...

.ഓരോ വാര്‍ത്തകളും വളരെ കൃത്യതയോടെയാണ് അയ്യാള്‍ കൈകാര്യം ചെയ്യുന്നത്.ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍-കേള്‍വിക്കാര്‍ എങ്ങനെ കേള്‍ക്കുമെന്ന് അയ്യാള്‍ക്ക് നല്ല ധാരണയുണ്ട്...വളച്ചൊടിക്കേണ്ടവ    വളച്ചൊടിക്കും ഊതി പെരുപ്പിക്കേണ്ടവ ഊതിപ്പെരുപ്പിക്കും...തമസ്കരിക്കേണ്ടവ,തമസ്കരിക്കും...


ഞങ്ങളുടെ ആ ന്യൂസ് എഡിറ്ററുണ്ടല്ലോ രാമന്‍ നായര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത ഉണക്കമുന്തിരി പോലെയാണയ്യാള്‍...


മടിയന്‍, പകലുരങ്ങുന്നവന്‍,എഡിറ്റോറിയല്‍  യോഗങ്ങളില്‍ പോലും അയ്യാള്‍ ഉറക്കമായിരിക്കും...അയ്യാളുടെ ജോലികള്‍ പോലും രമാകാന്തന്‍ ആണ് നിര്‍വഹിക്കുന്നത്.രമാകാന്തന്‍ ഉള്ളതുകൊണ്ടുമാത്രമാണ് ഒരു വലിയ തുക ശമ്പളമായി വാങ്ങാന്‍ അയ്യാള്‍ക്ക് കഴിയുന്നതെന്ന് ചിലപ്പോള്‍ തോന്നിപ്പോകും..


ചാനല്‍ തുടങ്ങിയപ്പോള്‍ മേജര്‍ ഷെയര്‍ ഉള്ള ഒരു ഡയരക്ടര്‍ ഒരു പ്രമുഖ ദേശീയ പത്രത്തില്‍ നിന്നും ഹാരമണിയിച്ച്‌ കൊണ്ട് വന്നതാണയ്യാളെ .

 പ്രിന്റ്‌ മീഡിയ രംഗത്ത് അയ്യാള്‍ ഒരു 'പുലി' ആയിരുന്നത്രെ!...


പക്ഷെ ഇലക്ട്രോണിക് മീഡിയ അങ്ങനെയല്ലല്ലോ അജേഷ്..

.
ഞാന്‍ വിഷയത്തില്‍ നിന്നും വഴുതി പോവുകയല്ല, ചിലകാര്യങ്ങള്‍ ആമുഖമായി പറഞ്ഞെന്നു മാത്രം..."


.ന്യൂസ് എഡിറ്റര്‍ രാമന്‍ നായരും ഡപ്യൂട്ടി എഡിറ്റര്‍ രമാകാന്തനും തമ്മില്‍ ഡസ്കില്‍ വച്ചുണ്ടായ  ഏറ്റുമുട്ടലില്‍ കൊളുത്തി നില്‍ക്കുകയായിരുന്നു അപ്പോഴും അജേഷിന്റെ മനസ്....


"അല്ല അജേഷ് ഇങ്ങോട്ട് നോക്കൂ..ഞങ്ങളുടെ ഡപ്യൂട്ടി എഡിറ്ററുടെ കണ്ടെത്തല്‍ എന്താണെന്ന് അറിയേണ്ടേ നിനക്ക്?


ഞാന്‍ നേരത്തെ സൂചിപ്പിച്ച സംഭവമുണ്ടല്ലോ കൊച്ചിയില്‍ നടന്ന ആ സംഭവം അയ്യപ്പഭക്ത്ന്മാരെ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവം...ഇതിനു ഗോധ്ര സംഭവുമായി സാമ്യമുണ്ടത്രേ..."


അജേഷ് ഒന്ന് നടുങ്ങി!.


താന്‍ ആലോചിച്ചു കൂടിയ കാര്യങ്ങള്‍ തന്നെയാണ്  ഡപ്യൂട്ടി എഡിറ്ററുടെ കണ്ടെത്തലുകളായി അനുപമ പറയുന്നത്..


കര്‍സേവകരും അയ്യപ്പഭക്ത്തന്മാരും ഒരു തരത്തിലും ചേരാത്ത പദങ്ങള്‍; വളരെ നീണ്ട അര്‍ത്ഥവ്യത്യാസങ്ങള്‍..


അനുപമ തുടരുകയാണ്..


"അപ്പോള്‍ അജേഷ് ഞങ്ങളുടെ ന്യൂസ് എഡിറ്ററുണ്ടല്ലോ ആ തടിച്ചു കുറുകിയ ജന്തു. അയ്യാള്‍ രമാകന്തന്റെ കണ്ടെത്തലുകള്‍ മുഴുവനായി തള്ളി. നാളിതുവരെ എഡിറ്റോറിയല്‍ യോഗങ്ങളില്‍ ശബ്ധിചിട്ടില്ലാത്ത അയ്യാള്‍ രാമകാന്താനു നേരെ ഉറഞ്ഞുതുള്ളി...ഇതൊരു അപ്രധാന വാര്‍ത്തയാണെന്ന രാമകാന്തന്റെ നിരീക്ഷണത്തെ  ഉറയില്‍ നിന്നും വലിച്ചൂരിയ തന്റെ പഴകി തുരുമ്പിച്ച ഖഡ്ഗം കൊണ്ടയ്യാള്‍ ആഞ്ഞുവെട്ടി... വെട്ടുകൊണ്ടു രമാകാന്തന്റെ വാദം രണ്ടു തുണ്ടായി"...

അപ്പോഴേക്കും ഡസ്ക്കില്‍ നടന്ന സംഭവങ്ങള്‍ അജേഷിനു മാത്രമായി സംപ്രേഷണം ചെയ്തുതുടങ്ങി....


"ഇതിന്നത്തെ ടൈറ്റില്‍ വാര്‍ത്ത  തന്നെ. ദൃശ്യ ങ്ങളും സംവാദങ്ങളും ഫോണ്‍ ഇന്‍ പ്രോഗ്രാമുകളും ആയി ഇന്നത്തെ ന്യൂസ് ബുള്ളറ്റിനുകളില്‍ ഇത് 10  മിനിട്ടെങ്കിലും നിറഞ്ഞു നില്‍ക്കണം..എന്റെ എല്ലാ സഹപ്രവര്‍ത്തകരും അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കട്ടെ.."

അയ്യാള്‍ പറഞ്ഞു നിര്‍ത്തിയതും രമാകാന്തന്‍ വലിയ ശബ്ദത്തോടെ വാതിലടച്ച്‌ വളരെ വേഗത്തില്‍ നടന്നുപോയി...


"നിനക്ക് ശുഭ രാത്രി നേരുന്നു..നമുക്കിനി നാളെ കാണാമല്ലോ..അജേഷ്. അനുപമ ടി.വി.സ്ക്രീനുമുന്നില്‍ നിന്നും പെട്ടെന്ന് മറഞ്ഞു...

ഉറക്കച്ചടവോട് കൂടിയ മുഖത്ത് ഒരു ചെറിയ  പുഞ്ചിരിയുമായി  അപ്പോള്‍ 'ഭഗത് 'പ്രത്യക്ഷപ്പെട്ടു.


"അജേഷ് നിനക്ക് നമസ്കാരം"


"കൊച്ചിയില്‍ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി അയ്യപ്പ ഭക്തന്മാരെ തെരഞ്ഞു പിടിച്ചു മര്‍ദിച്ച കാര്യം നീ ഇതിനകം അറിഞ്ഞിരിക്കുമല്ലോ.. വളരെ ആസൂത്രിതവും ഗൂഡ ലക്ഷ്യങ്ങള്‍ ഉള്ളതുമാണ് അജേഷ് ഈ സംഭവം, ഇതിനു പിന്നില്‍ വിദേശ കരങ്ങള്‍ ഉള്ളതായും കേരളത്തിലെ ചില മുസ്ലിം തീവ്രവാദികല്ക്കു പങ്കുള്ളതായും സംശയിക്കുന്നു അജേഷ്....ഇപ്പോള്‍ കേരളത്തിലെമ്പാടും പരിവാര്‍ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നു വരികയാണ് .. പ്രതിഷേധം തമിഴ്നാട്,കര്‍ണാടകം എന്നിവിടങ്ങളിലെക്കും  വ്യാപിച്ചിരിക്കുന്നു..


അജേഷ്, നിനക്ക് ഇതിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടേ... ഇപ്പോള്‍ ഞങ്ങളുടെ പ്രത്യേക ലേഖകന്‍ 'സിജുബാലന്‍' ലൈനിലുണ്ട്. സിജു, നിന്നോട് സംസാരിക്കും"..


"ഹലോ അജേഷ്"


സിജുബാലന്റെ  ശബ്ദം അജേഷ് തിരിച്ചറിഞ്ഞു.

."അജേഷ് നാളെ കേരളം പരിവാര്‍ സംഘടനകളുടെ പ്രതിഷേധാഗ്നിയില്‍ കത്തും.... കര്‍ണാടകത്തിലേക്കും തമില്നാട്ടിലെക്കും പ്രതിഷേധം പടര്‍ന്നിട്ടുണ്ട്...സംഭവം നടന്ന കൊച്ചിയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പ്രകടനം നടന്നു...മൂന്ന് നാല് സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ പത്തോളം വാഹനങ്ങള്‍ കത്തിച്ചിട്ടുണ്ട്...
നാളെ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളും ആക്രമങ്ങളും നടക്കാന്‍ സാധ്യതയുണ്ട്...കൊച്ചിനഗരം മുഴുവന്‍ ഇപ്പോള്‍ പൊലിസ് കാവലിലാണ്....

പെട്ടെന്ന് വൈദ്യുതി നിലച്ചതുപോലെ ചുറ്റും ഇരുട്ടുവീണു... അജേഷ് രണ്ടാംഘട്ട ഉറക്കത്തിലേക്ക് വഴുതി വീണു...

വ്യാഴാഴ്‌ച, മാർച്ച് 22, 2012

ജലദിനം

നാല്പത്തിനാല് നദികളും
മുപ്പത്തിനാലോളം കായലുകളും
ലക്ഷം ലക്ഷം കുളങ്ങളും
കാക്കതൊള്ളായിരം തോടുകളും                                                                     പ്രളയം ആഘോഷിക്കുന്ന മണ്‍സൂണ്‌കളും

 

മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍
പ്പെട്ടൊരീ നായയെപോലെഞാന്‍!

ഒരിറ്റു വെള്ളത്തിനായി കേഴുന്നു..
ദാഹജലം തരികെനിക്ക്.....


ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012

വിസ്മയിപ്പിക്കുന്ന ലോകകാഴ്ചകള്‍...
  കേരളത്തിന്റെ പതിനാറാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള കഴിഞ്ഞു ഒരു മാസം കഴിഞ്ഞിരിക്കുന്നു;ചലച്ചിത്ര മേളയില്‍ കണ്ട മിക്ക ചിത്രങ്ങളും ഇതിനകം പേരുകള്‍ പോലും ഓര്‍മയില്ലാത്ത  വിധം മറവിയിലേക്ക് ആഴ്ന്നു പോയിരിക്കുന്നു.എന്നാല്‍ ചില ചിത്രങ്ങള്‍ അവയിലെ ചില ഫ്രെയിമുകള്‍ ചില കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ ഓര്‍മയിലേക്ക്...ജീവിതത്തിലേക്കു കടന്നു വന്നുകൊണ്ടിരിക്കുന്നു.
ഈ മേളയില്‍ കണ്ട ചില ചിത്രങ്ങള്‍ ചില ലോകകാഴ്ചകള്‍... 
ഇപ്പോഴും ഓര്‍മയിലേക്കിടക്കിടെ  കടന്നു വരുന്ന...ഈ ചിത്രങ്ങളെകുറിച്ചുള്ള  കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ...
1. ചിലിയില്‍ നിന്നും വന്ന "പാഠപുസ്തകം"
 
ഈ മേളയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മിക്കവയും ലാറ്റിനമേരിക്കന്‍ ചിത്രങ്ങളായിരുന്നു.തിളച്ചു മറിയുന്ന   ലാറ്റിനമേരിക്കയില്‍ നിന്നും വന്ന ഈ ചിത്രങ്ങളെല്ലാം സ്വാഭാവികമായും അവിടുത്തെ സാമൂഹ്യ ചലങ്ങളുടെ നേര്‍പകര്‍പ്പുകള്‍ തന്നെയായിരുന്നു.
ഇത്തവണത്തെ ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത പാബ്ലോ പെരില്മാന്റെ പെയിന്റിംഗ് ലെസ്സന്‍സ് എന്ന ചിത്രവും അതിലെ കഥാപാത്രങ്ങളും പെയിന്റിങ്ങിന് സമാനമായ അതിലെ ഫ്രെയിമുകളും ദിവസത്തില്‍ ഒരു പ്രാവ
ശ്യമെങ്കിലും ഞാനുമായി കണ്ടുമുട്ടാറുണ്ട്.
1973 ല്‍ പിനോഷയുടെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറിയും വിപ്ലവ നായകന്‍ സാല്‍വഡോര്‍ അലണ്ടയുടെ കൊലപാതകവും
ചിലിയെ ഗ്രാമ നാര  വ്യത്യാസമില്ലാതെ പ്രക്ഷു ബ്ധമാകിയ കാലഘട്ടത്തെ പ്രമേയമാകി "അഡോള്‍ഫ  കുവു' രചിച്ച നോവല്‍ ആണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം.
ഫ്ലാഷ് ബാക്ക് രീതി ഉപയോഗിച്ച് മനോഹരമായ ദ്രിശ്യ പരമ്പരകളിലൂടെ, ഓരോ
ദ്രിശ്യവും ഓരോ പെയിന്റിങ്ങുകളാണെന്നു പ്രേക്ഷകനെ തോന്നിപ്പിക്കും വിധം ആണ് പെരില്മാന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തെ പരിചയപ്പെടുത്തുന്ന സീനില്‍ കഥ നടക്കുന്ന മനോഹരമായ ചിലിയന്‍ ഗ്രാമത്തെ  രണ്ടായി
കീറിമുറിച്ചു കൊണ്ട് ഒരു തീവണ്ടി കുതിച്ചു പാഞ്ഞു വരുന്നതാണ് കാണിക്കുന്നത്. സ്വച്ചന്ധമായ ഒരു സമൂഹത്തിലേക്കുള്ള ഏകാധിപതിയുടെ കടന്നു വരവിനെ ബിംബ വല്ക്കരിക്കുകയാണ് അതിമനോഹരമായ ഈ ചലച്ചിത്ര രംഗം കൊണ്ട് പെരില്‍മ്നാന്‍ ചെയ്യുന്നത്.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ ചിത്രകാരന്‍ കൂടിയായ ഒരു കെമിസ്റ്റ് ആണ്.ഇദ്ദേഹം നടത്തുന്ന ഷോപ്പ് സിനിമയി
ലൂടനിളം നിരഞ്ഞുനില്‍ക്കുന്നുമുണ്ട്.തീവണ്ടി ഗ്രാമത്തെ കീറിമുറിച്ചു കടന്നു വരുമ്പോള്‍ ഇവിടുത്തെ മരുന്നും രാസ പദാര്‍ഥങ്ങളും നിറച്ച കുപ്പികളും മറ്റും തട്ടുകളില്‍ ഇരുന്നു കുലുങ്ങുന്നുണ്ട്...
കമ്മ്യുണിസ്റ്റ്കാര്‍ക്കെതിരെയുള്ള വിരോധവും കമ്മ്യുണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളും ലോകത്ത് എല്ലായിടത്തും ഒരുപോലെ തന്നെയാണ് എന്നത് ഈ സിനിമ കാണിച്ചുതരുന്ന അതിശയിപ്പിക്കുന്ന രംഗങ്ങളാണ്. കമ്മ്യുണിസ്റ്റ്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭാര്യയെ പൊതുസ്വത്തക്കുമെന്നും മക്കളെ റഷ്യയിലേക്ക് കടത്തുമെന്നും ഒക്കെയുള്ള പ്രചാരണങ്ങള്‍ കേരളത്തില്‍ 1957 കാലഘട്ടത്തിലും വിമോചന സമര കാലഘട്ടത്തിലും നാട്ടിന്‍ പുറങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇവ ചിലിയിലും ഇതേപോലെ നാട്ടിന്‍ പുരത്തുകാര്‍ക്കിടയില്‍ പ്രചരിക്കുന്നത് സിനിമ കാണിച്ച്തരുന്നു.
കത്തോലിക്ക സഭയുടെ കമ്മ്യുണിസ്റ്റ് വിരുദ്ധതയാണ് മറ്റൊന്ന്.കേരളമായാലും
ചിലിയായാലും ലോകത്തെല്ലയിടത്തും കമ്മ്യുണിസ്റ്കാര്‍ തങ്ങളുടെ മുഖ്യ ശത്രുവാണെന്നുള്ള കത്തോലിക്ക പുരോഹിതരുടെ നിലപാട് ഈ സിനിമയിലും ചര്‍ച്ച ചെയ്യുന്നു.
ചിത്രത്തിലെ നായകനായ ബാലന്‍ ചിത്രകാരനായി ഗ്രാമത്തില്‍ അറിയപ്പെട്ടു തുടങ്ങു
മ്പോള്‍ ഒരു ദിവസം ഗ്രാമത്തിലെ ഒരു കടയിലെത്തുന്ന ബാലനെ ഗ്രാമ വാസികള്‍സ്വീകരിക്കുന്നു.അവനെ ക്കൊണ്ട് അവര്‍ പല ചിത്രങ്ങളും വരപ്പിക്കുന്നു.അവന്റെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.ഈ സമയം കടയിലെത്തുന്ന കത്തോലിക്കാ പുരോഹിതന്‍ ബാലന്റെ ചിത്രകലയിലുള്ള കഴിവുകണ്ട് യേശുവിന്റെ ചിത്രം വരച്ചു തരാന്‍ ആവശ്യപ്പെടുന്നു.യേശുവിന്റെ ചിത്രം വരച്ചു തുടങ്ങുന്ന ബാലന്‍ വളരെ വേഗത്തില്‍ ചിത്രം പൂര്‍ത്തീകരിക്കുന്നു ബാലന്‍ വരച്ച യേശു  ചിത്രത്തിനു അലണ്ടയുടെ ചായ ഉണ്ടെന്നു മനസ്സിലാക്കിയ പുരോഹിതന്‍ കോപിഷ്ടനായി തോക്കെടുത്ത് വെടിയുതിര്‍ക്കുന്നു. ഭയാനകമായ ഈ രംഗത്തില്‍ അല്ഭുതകരമായാണ് ബാലന്‍ രക്ഷപ്പെടുന്നത്. കത്തോലിക്കാ പുരോഹിതരുടെ രാഷ്ട്രീയം മാത്രമല്ല ഒരു കലാകാരന്‍ എങ്ങനെ ജനിക്കുന്നുവെന്നും കലാകാരന്റെ നിലപാടുകള്‍ എങ്ങനെ രൂപപ്പെടുന്നുവെന്നും പെരില്മാന്‍ ഈ രംഗത്തിലൂടെ പ്രേക്ഷകരോട് പറയുന്നു.
അവിവാഹിതയായ സ്ത്രീക്കു ജനിക്കുന്ന ബാല്നെ ഒരു വലിയ പെട്ടിയില്‍ ഉറക്കി കിടത്തിയ ശേഷമാണ് അമ്മ
കെമിസ്ടിന്റെ ലാബിലേക്ക് ജോലിക്ക് പോകുന്നത്.കൈക്കുഞ്ഞില്‍ നിന്നും കഥാനായകനിലെക്കുള്ള ബാലന്റെ വളര്ച്ച പ്രേക്ഷകനെ അത്ഭുത പരതന്ത്രനാക്കുന്ന കാഴ്ചാനുഭങ്ങളിലൂടെയാണ് പെരില്മാന്‍ അവതരിപ്പിക്കുന്നത്‌.
മരപ്പെട്ടിയില്‍ കിടക്കുന്ന കുഞ്ഞിന്റെ കൈകള്‍ പതുക്കെ പെട്ടിക്കു മുകളിലേക്ക് ഉയര്‍ന്നു വരുന്നതും പെട്ടി മരിയുന്നതും കുഞ്ഞു പതുക്കെ പുറത്ത് ഇറങ്ങുന്നതും വാതില്‍ തുറന്നു പുറത്തേക്ക് നോക്കുമ്പോള്‍ പൂ
ക്കളുടെ അതിമനോഹരമായ ദ്രിശ്യങ്ങള്‍ കാണുന്നതും പുറത്തിങ്ങി നടന്നു അമ്മ ജോലി ചെയ്യുന്ന ലാബില്‍ എത്തുന്നതും ഒക്കെ പെരില്മാന്‍ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ സിനിമ കണ്ട പ്രേക്ഷര്‍ക്കൊന്നും തന്നെ സിനിമയുടെ ഈ ഭാഗം ഇനി ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നാണ് തോന്നുന്നത്. അത്രമാനോഹരവും വ്യത്യസ്തവും സിനിമക്ക് മാത്രം സാധ്യമാകുന്നതുമായിരുന്നു ഈ സീനുകള്‍.
ലാബിലെത്തുന്ന ബാലനെ ചിത്രകാരന്‍ കൂടിയായ ലാബുടമ സ്നേഹത്തോടെ സ്വീകരിക്കുകയും ചിത്രകലയുടെ ബാലപാടങ്ങള്‍ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ഗുരുവിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ബാലന്‍ വളരെ വേഗത്തില്‍ ചിത്രകലയിലുള്ള തന്റെ കഴിവ് തെളിയിക്കുന്നു. തന്റെ ലാബിന്റെ ചുവരില്‍ തൂക്കിയിരിക്കുന്ന ആല്കെമിസ്ടിന്റെ ചിത്രം വളരെ വേഗത്തില്‍ ബാലന്‍ മനോഹരമായി പകര്‍ത്തി വരയ്ക്കുന്നത് ലാബുടമസ്ഥനെ അതിശയിപ്പിക്കുന്നു. താന്‍ വര്‍ഷങ്ങളെടുത്തു പകര്‍ത്തി വരച്ച ആല്കെമിസ്ടിന്റെ ചിത്രവും ബാലന്‍ വരച്ച ചിത്രവും അയ്യാള്‍ താരതമ്യം ചെയ്യുന്നത് നര്‍മത്തില്‍ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രകാരന്‍ എന്നനിലയില്‍ ബാലന് മഹത്തായ ഒരു ഭാവിയുണ്ടെന്നു മനസിലാക്കുന്ന ലാബുടമ ബാലനെയും കൂട്ടി സാന്തിയാഗോയിലെ മ്യുസിയം കാണാനെത്തുന്നു.ചിത്രകലയിലെയും ശില്പ കലയിലേയും മാസ്റ്റര്മാരെയും ബാലന് അവിടെ വച്ച് അയ്യാള്‍ പരിച്ചയപ്പെടുത്തിനല്കുന്നു. തുടര്‍ന്ന് മ്യുസിയം ക്യുരെട്ടരെയും  പരിചയപ്പെടുത്തുന്നു.     
 
ബാലന്റെ ചിത്രങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി കൂടി വാങ്ങുന്ന അയ്യാള്‍ ബാലനുമായി ഗ്രാമത്തില്‍ മടങ്ങിയെത്തിയശേഷം ചിത്രങ്ങളുമായി ബാലനെയും കൂട്ടി വീണ്ടും യാത്രക്കൊരുങ്ങുന്നു. ഗ്രാമത്തിലെ റെയില്‍വെ സ്റ്റേഷനില്‍ ബാലന്റെ ആരാധകരായ നാട്ടുകാര്‍ മുഴുവന്‍ അവരെ യാത്രയയക്കനെത്തുന്നു. അപ്പോള്‍ ഒരു തീവണ്ടി ചീറിപാഞ്ഞു സ്റ്റേനില്‍ നിര്‍ത്താതെ പോകുന്നു.നിര്‍ത്താതെ പോയ തീവണ്ടി വേഗത്തില്‍ സ്റ്റേനിലേക്ക് തിരിച്ചെത്തുന്നു. അപ്പോഴാണ്‌ അത് യാത്രാ തീവണ്ടിയല്ലെന്നും സൈനിക തീവണ്ടിയാണെന്നും നാട്ടുകാര്‍ തിരിച്ചരിയുന്നത്. തീവണ്ടിയില്‍ നിന്നും പുറത്തിറങ്ങുന്ന പട്ടാളക്കാര്‍ നാട്ടുകാരെ ചോദ്യം ചെയ്തശേഷം തിരിച്ചു പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു പട്ടാളക്കാരന്‍  ബാലന്‍ വരച്ച ചിത്രങ്ങള്‍ പരിശോധിക്കുന്നു.അതില്‍ ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചു ബാലന്‍ വരച്ച ചിത്രങ്ങള്‍ കണ്ടു ഇത് വരച്ചവന്‍ കമ്മ്യുനിസ്റ്റാണെന്നും പട്ടാളക്കാരന്‍ പ്രഖ്യാപിക്കുന്നു.അയ്യാളെ തന്റെ ക്യാപ്റ്റനെ വിളിച്ചു ചിത്രങ്ങള്‍ കാണിക്കുന്നു. അവര്‍ ബാലനെ മാത്രം തന്ത്ര പൂര്‍വ്വം തീവണ്ടിയില് കയറ്റി വേഗത്തില്‍  ഓടിച്ചുപോകുന്നു.
കമ്മ്യുണിസ്റ്റ് വിപ്ലവകാരികള്‍ക്കും കലാകാരന്‍ മാര്‍ക്കും വിപ്ലവവിരുധ ശക്തികളില്‍ നിന്നും നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ലോകത്തെമ്പാടും സമാനമാനെന്നാണ് ഈ ചിത്രം കാണിച്ചു തരുന്നത്. കമ്മ്യുണിസ്റ്റ് ആശയക്കാ
രെ മുളയിലെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസത്തിന്റെ ഭീ കരമായ മുഖം ഈ ചിത്രം നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.   

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

IFFK-2011-'വിവാദങ്ങളുIടെയും സമരങ്ങളുടെയും മേള'

കേരളത്തിന്റെ 16 -മത്  അന്താരാഷ്ട്ര ചലച്ചിത്ര മേള പതിവുകള്‍ക്ക്  വിപരീതമായി ഇത്തവണ വിവാദങ്ങളുടെയും സമരങ്ങളുടെയും മേള കൂടിയായിരുന്നു. 'ഷെറി' എന്ന യുവ സംവിധായകന്റെ കന്നിച്ചിത്രമായ 'ആദിമധ്യന്ത'വുമായി ബന്ധപ്പെട്ടാണ്  മേളയുടെ തുടക്കത്തില്‍ തന്നെ വിവാദങ്ങളും സമരങ്ങളും രൂപപ്പെട്ടത്. മേളയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിമാധ്യന്ത്യം  അപൂര്‍ണമാണെന്നും ശബ്ധമില്ലത്തതാനെന്നും  സംഘാടകര്‍    പ്രസ്താവന ഇറക്കുകയും തുടര്‍ന്ന് ചിത്രത്തെ മേളയില്‍ നിന്നും ഒഴിവാകുകയും ചെയ്തു.
         തന്റെ ചിത്രം ഒഴിവാക്കിയതില്‍    പ്രതിഷേധിച്ചു സംവിധായകന്‍ 'ഷെറി' സമരമാരംഭിച്ചു  ഒട്ടനവധി ചലച്ചിത്ര പ്രവര്‍ത്തകരും പുരോഗമന കലാസാഹിത്യ സംഘം, dyfi  പോലുള്ള സംഘടനകളും  'ഷെറിക്ക് '   പിന്തുണയുമായി എത്തി, സംഘാടനത്തിലെ  പിഴവുകളും പാളിച്ചകളുമായി  ബന്ധപ്പെട്ട കല്ലുകടികളോടെ തുടങ്ങിയ മേള ഇതോടെ പ്രതിഷേധക്കാരുടെ കൈകളില്‍ആയി. പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍  തീരുമാനമായി.ശ്രീ വിശാഖ് തീയേറ്ററില്‍ തറയില്‍ ഇരുന്നും നിന്നുമൊക്കെ ആയിരങ്ങള്‍ ചിത്രം കണ്ടു. ചിത്രം കണ്ടു പുറത്തിറങ്ങിയ ചലച്ചിത്ര ഭാഷ അറിയാവുന്നവര്കൊന്നും  തന്നെ ഈ ചിത്രം മത്സര വിഭാഗത്തില്‍ നിന്നും ഒഴിവാകിയതെന്തിനെന്നും വിവാദങ്ങള്‍ സ്രിഷ്ടിച്ചതെന്തിനെന്നും    ഇനിയും മനസ്സിലായിട്ടില്ല.
       മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയതില്‍ വച്ച് ഏറ്റവും  മികച്ച ചിത്രം എന്നാണ് പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സി .എസ് . വെങ്കിടേശ്വരന്‍ ആദിമാധ്യന്ത്യത്തെ വിലയിരുത്തുന്നത്. സംവിധായകാരായ ടി.വി.ചന്ദ്രന്‍, കമല്‍,രഞ്ചിത്ത്   തുടങ്ങിയവരും മികച്ച ചിത്രമാണെന്ന അഭിപ്രായങ്ങള്‍ ആണ് പങ്കു വച്ചത്.
       ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ രജത മയൂരം നേടിയ 'ആദാമിന്റെ മകന്‍ അബുവും' മേളയുടെ മത്സര വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഗോവന്‍ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ പ്പെട്ടതിനാല്‍ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ഈ ചിത്രത്തെയും ഒഴിവാകിയത്.മേളയില്‍ മത്സരിക്കാന്‍ മലയാള ചിത്രങ്ങള്‍ ഇല്ലാതിരുന്നത് മലയാളത്തിനു അപമാനമായെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
       മേളയുടെ മുഖ്യ കേന്ദ്രമായ കൈരളി തിയേറ്ററും അവിടുത്തെ  ഒഡേസാ  പടവുകളും സിനിമകളുടെ ഇടവേളകളില്‍ ഒത്തു ചേരുന്നതിനും പരിചയങ്ങള്‍ പുതുക്കുന്നതിനും പുതിയവ ഉണ്ടാക്കുന്നതിനും സിനിമയും രാഷ്ട്രീയവും ഉള്‍പ്പെടെ ആകാശത്തിനു കിഴെയും  ഭൂമിക്കു മുകളിലുമുള്ള സകല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദികള്‍ ആയിരുന്നു മുന്‍കാലങ്ങളിലെങ്കില്‍ ഇത്തവണ സമര മുഖരിതമായിരുന്നു കൈരളി തിയേറ്ററും  'ഒഡേസാ' പടവുകളും.
      മുന്‍ ഏഷ്യാനെറ്റ്  ലേഖികയും ഇപ്പോള്‍ തെഹല്‍ക്ക പ്രതിനിധിയുമായ കെ.കെ.ഷാഹിനയെ കര്‍ണാടകയില്‍ വച്ചു ഹിന്ദു വര്‍ഗീയ വാദികള്‍ ആക്രമിച്ചതിനെതിരെ കൈരളി തീയറ്ററിനു മുന്നില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി.
      സ്ത്രീയുടെ  വേഷവും സഞ്ചാരവും ജീവിതവും ഉള്‍പ്പെടെ സകലതും തങ്ങള്‍ തീരുമാനിക്കുമെന്ന പുരുഷ കേന്ദ്രീക്രിത  സമൂഹത്തിന്റെ ചിന്തയും സ്വാധീനവും ശക്ത്തമായി നിലനില്‍ക്കുന്നിടമാണ് കേരളം. ഫ്യൂ ഡലിസത്തില്‍ നിന്നും കേരള സമൂഹം ഏറെ മുന്നോട്ടു പോയെങ്കിലും സമൂഹമനസ് ഇപ്പോഴും ഫ്യൂ ഡല്‍ തന്നെയാണ്.
      സ്ത്രീയുടെ വേഷത്തെ സംബന്ധിച്ച  ചില പ്രശ്നങ്ങള്‍ ചലച്ചിത്രോത്സവത്തിനിടയിലും ഉയര്‍ന്നു വന്നു. കവി അയ്യപ്പന്‍ ഇരുന്ന പടവുകളില്‍ മാന്യമായ വേഷം ധരിച്ചു ഇരിക്കണമെന്ന ആജ്ഞ യുമായി ഒരാള്‍ ഒരു സ്ത്രീ പ്രതിനിധിയെ സമീപിക്കുകയും അത് തര്‍ക്കങ്ങളിലെക്കും സംഘര്‍ഷങ്ങളിലെക്കും തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം വളര്‍ന്നു പ്രചരിക്കുന്ന ദുരാചാര പോലീസുകാര്‍ക്കെതിരായ  പ്രതിഷേധമായി കൈരളി തീയറ്ററിന്  മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
     ഓപ്പന്‍ ഫോറത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചവരെയും തിയറ്ററുകളില്‍ സിനിമ കാണാനെത്തിയവരെയും വോളണ്ടിയര്‍മാര്‍ മര്‍ദ്ദിക്കുന്ന അവസ്ഥയും ഇത്തവണ ഉണ്ടായി വോളണ്ടിയര്‍ ഗുണ്ടകള്‍ നടത്തുന്ന ആ ക്രമങ്ങള്‍ക്കെതിരെയും കൈരളിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരുന്നു.
     'പെയിന്റിംഗ് ലെസ്സന്‍സ്' പോലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കുറച്ചു ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മേള പൊതുവേ വിരസമായിരുന്നു.അലസമായി സംഘടിപ്പിക്കപ്പെടുകയും ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തതാകാം ഇതിനു കാരണം. പതിവുപോലെ ആവേശത്തോടെ സിനിമ കാണാനെത്തിയ പലരും ഒന്നും രണ്ടും ദിവസത്തിനകം തന്നെ തിരിച്ചു പോയിത്തുടങ്ങിയത് കാണാമായിരുന്നു.
      ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ചലച്ചിത്രങ്ങള്‍ ഒഴിച്ചാല്‍ യൂറോപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയയവയും അറബ്  പാക്കേജില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കുകയും ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നതാണ് വാസ്തവം.
      യൂറോപ്പില്‍ നിന്നും പശ്ചിമ- മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ ഭൂരിഭാഗം സിനിമകളും പതിവുപോലെ സ്ത്രീ- ലിംഗ    സ്വത്വ  പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവ തന്നെയായിരുന്നു. സോഷ്യ    ലിസത്തിനു     അതിന്റെ പ്രയോഗത്തില്‍ വന്ന പാളിച്ചകള്‍ മൂലം ഈ രാജ്യങ്ങളില്‍ തിരിച്ചടി ഉണ്ടായതും തുടര്‍ന്ന് മുതലാളിത്വം ഈ രാജ്യങ്ങളില്‍ അജയ്യമായി മുന്നേറിയതും എന്നാല്‍ ഇപ്പോള്‍ മുതലാളിത്തത്തിലെ വൈരുധ്യങ്ങള്‍ തന്നെ അതിനെ വന്‍ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചതും ഇവിടങ്ങളിലെ ജനങ്ങളെ ഭാവിയെ കുറിച്ചുള്ള ചിന്തകള്‍ ഇല്ലാത്തവരും പ്രത്യയശാസ്ത്രപരമായ   പക്ഷങ്ങള്‍ ഇല്ലാത്തവരം ആയിമാറ്റിക്കൊണ്ടിരിക്കുന്നു.ആക്ജ്ഞ്ഞേയവാദ പരമായതും ലക്ഷ്യബോധമില്ലാതെ  ഉഴറിക്കൊണ്ടിരിക്കുന്നതുമായ ഇത്തരം സമൂഹ ങ്ങളില്‍ നിന്നും മെച്ചപ്പെട്ട കലാസ്രിഷ്ടികള്‍ രൂപപ്പെടില്ല എന്ന് തന്നെയാണ് ഈ മേളയും അതിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും തെളിയിച്ചു തരുന്നത്.