ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011


 മനോഹരം,മഹാവനം,ഇരുണ്ടഗാധമെങ്കിലും.........

The woods are lovely, dark, and deep, 
But I have promises to keep, 
And miles to go before I sleep, 
And miles to go before I sleep. 
              - റോബര്‍ട്ട്‌ ഫ്രോസ്റ്റ്  

"മനോഹരം, മഹാവനം, ഇരുണ്ടഗാധമെങ്കിലും, 
അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിക്ജ്ഞകള്‍,
അനക്കമറ്റ നിദ്രയില്‍ ലയിപ്പതിന്നു മുന്‍പിലായ്‌,
എനിക്കതീവ ദൂരമുണ്ട് അവിശ്രമം നടക്കുവാന്‍" .....

പുഴകളും അരുവികളും കൊച്ചു കൊച്ചു തോടുകളും മനോഹരങ്ങളായ വെള്ള ചാട്ടങ്ങളും തേക്കും ഈട്ടിയും ഉള്‍പ്പെടെ  ഉള്ള  വിലപിടിപ്പുള്ള മരങ്ങളാലും  ചീനിയും ഇലവും  പോലെ ആകാശം മുട്ടെ വളരുന്ന വൃക്ഷങ്ങളാലും  ഈറ്റക്കാടുകളാലും  ആനയും കരടിയും കടുവയും കട്ടുപോത്തു   മുല്‍പ്പെടെയുള്ള വന്യ ജീവികളാലും വിവിധ ഇനം പക്ഷികളാലും നാഗരാജാവായ രാജവെമ്പാലയുടെ പ്രധാന ആവാസവ്യവസ്ഥ എന്ന നിലയിലും സമ്പന്നമാണ് മലയാറൂര്‍ വനം ഡിവിഷനിലെ കുട്ടമ്പുഴ ഫോറെസ്റ്റ് റേഞ്ച് .
          ഭയവും കൌതുകവും ചേര്‍ന്ന സമ്മിശ്ര വികാരങ്ങളോടെയാണ്  എന്റെ ആദ്യ കുട്ടമ്പുഴ യാത്ര ആരംഭിക്കുന്നത്  കോതമംഗലം   പ്രൈവറ്റ്   ബസ്റ്റാന്റിലെത്തി   കുട്ടംപുഴക്ക്‌ പോകാനുള്ള ബസിനെ കുരിച്ചന്വേഷിച്ചപ്പോള്‍ പൂയംകുട്ടി ബസില്‍ കയറിയാല്‍ കുട്ടംപുഴയില്‍ ഇറങ്ങാം എന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു.
പൂയംകുട്ടി എന്ന് കേട്ടപ്പോള്‍ എനിക്കല്പം സന്തോഷമായി എന്തെന്നാല്‍ ഞാന്‍ അവിടുത്തെ കാടുകളും പുഴയും ഒക്കെ വളരെ മുമ്പേ കണ്ടിട്ടുണ്ട്. പൂയംകുട്ടി വനം സംരക്ഷണത്തിന്റെ ഭാഗമായി അവിടെ നിര്മിക്കനുദേഷിച്ചിരുന്ന ഡാമിനെതിരെ പ്രശസ്ഥ  ഡോക്യുമെന്റെറിയന്‍  ശ്രീ.ശ  രത്ചന്ദ്രന്‍ നിര്‍മിച്ച ഒരു  ഡോക്യുമെന്റെറി ഞങ്ങളുടെ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.(പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്നായി ഡോക്യുമെന്റെറികളിലൂടെ പൊരുതിയ ശ്രീ.ശ  രത്ച്ചന്ദ്രനെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു. അദ്ധേഹത്തിന്റെ അകാലത്തിലുള്ള വിയോഗം നമുക്ക് ഒരു തീരാനഷ്ടം  തന്നെയാണ്.)
കൌതുകത്തോടും ഭയത്തോടും ബസിറങ്ങിയ ഞാന്‍ ഏകദേശം   മൂന്ന് വര്‍ഷത്തോളം കുട്ടംപുഴയിലും പൂയംകുട്ടിയിലുമായി മാറി മാറി താമസിച്ചു. പൂയംകുട്ടിയിലെ ഉള്‍  വനങ്ങളിലേക്ക് ഒട്ടനവധി യാത്രകള്‍ നടത്തി. ആ വനവും നാട്ടുകാരും ആദിവാസി ജനവിഭാഗങ്ങളും ഒക്കെ അങ്ങനെ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ജന്മ നാടിനോടുള്ളതുപോലെയോ അതിലേരെയോ ഒരു ആത്മബന്ധം ഇന്ന് എനിക്ക് ഈ വനഗ്രമാങ്ങളോടുണ്ട്.
കുട്ടംപുഴയെന്നാല്‍ കൂട്ടം പുഴകളെന്നാണ്.നിത്യ ഹരിതവും അര്ധ നിത്യഹരിതവും ഇലപൊഴിയും കാടുകളും ചേര്‍ന്നതാണ് ഇവിടുത്തെ വനം.കുട്ടമ്പുഴ ടൌണില്‍  ഇടമലയാര്‍ പുഴയും പൂയംകുട്ടി പുഴയും ഉരുളന്തന്നി പുഴയും ഒന്നിക്കുന്നു. ഇക്കാരണത്താലാണ് ഈ സ്ഥലത്തിനു കുട്ടംപുഴയെന്ന പേര് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പൂയംകുട്ടി എന്ന സ്ഥലനാമത്തിന്റെ അര്‍ത്ഥവും പുഴകൂടുന്നത് എന്ന് തന്നെയാണ് ഇവിടുത്തെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ പുഴയെ 'പുയ' എന്നാണ് വിളിച്ചിരുന്നതത്രേ പൂയംകുട്ടിയില്‍ വച്ച് പൂയംകുട്ടി പുഴയും പിച്ചി ആറും  കൂടിച്ചേരുന്നു. ഇങ്ങനെ 'പുയ' കൂടുന്ന സ്ഥലത്തിന് ആദിവാസികള്‍  നല്‍കിയ പേരാണത്രേ പൂയംകുട്ടി. ഏറണാകുളം നഗരത്തിന്റെ പ്രധാന ജല സ്രോതസായ  പെരിയാറിന്റെ ഏറ്റവും പ്രധാനപെട്ട കൈവഴികളിലോന്നാണ് പൂയംകുട്ടിപുഴ.